‘പശുത്തൊഴുത്തിൽ കിടന്നാൽ അർബുദം ഭേദമാകും, പശുക്കളെ ഓമനിക്കുന്നത് രക്തസമ്മർദം കുറക്കും’; വിചിത്ര വാദവുമായി യു.പി ബി.ജെ.പി മന്ത്രി

ലഖ്നോ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അർബുദം ഭേദമാക്കുമെന്ന വിചിത്ര വാദവുമായി ഉത്തർപ്രദേശ് ബി.ജെ.പി മന്ത്രി. പശുക്കളെ ഓമനിക്കുന്നതും മുതുകിൽ തലോടുന്നതും രക്തസമ്മർദം കുറക്കുമെന്നും കരിമ്പ് വികസന മന്ത്രി സഞ്ജയ് സിങ് ഗാംഗ്വാർ പറഞ്ഞു. സ്വന്തം മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിലെ ഗോശാല ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ വാദം.

പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ അർബുദ രോഗം സ്വയം സുഖപ്പെടുത്താനാകും. പശുക്കളെ ഓമനിക്കുകയും തലോടുകയും ചെയ്യന്നതിലൂടെ രോഗികൾക്ക് രക്തസമ്മർദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

‘രക്തസമ്മർദമുള്ള രോഗിയുണ്ടെങ്കിൽ അവർക്ക് പശുക്കൾ ഉണ്ട്. ദിവസവും രാവിലെയും വൈകീട്ടും പശുവിന്റെ മുതുകിൽ തലോടുകയും ഓമനിക്കുകയും ചെയ്യണം. ഒരാൾ രക്തസമ്മർദത്തിന് 20 മില്ലിഗ്രാം ഡോസ് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, 10 ദിവസത്തിനുള്ളിൽ അത് 10 മില്ലിഗ്രാമായി കുറക്കാനാകും’ -മന്ത്രി പറഞ്ഞു. അർബുദ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കുകയും അതിൽ കിടക്കുകയും ചെയ്താൽ അയാളുടെ രോഗം പൂർണമായും ഭേദമാവും. നിങ്ങൾ പശുച്ചാണകം കത്തിച്ചാൽ കൊതുകുശല്യം ഉണ്ടാവില്ല. എല്ലാ പ്രശ്നങ്ങൾക്കും പശുവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളിൽ പരിഹാരമുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

ഈദിന് മുസ്ലിംകൾ പശുത്തൊഴുത്ത് സന്ദർശിക്കണം. ഈദിനുള്ള സേമിയ പായസം പശുവിന്‍റെ പാലുകൊണ്ട് ഉണ്ടാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെയും ബി.ജെ.പി നേതാക്കൾ സമാന വാദങ്ങളുമായി രംഗത്തു വന്നിരുന്നു. അർബുദ മരുന്നുകളിലും ചികത്സക്കും ഗോമൂത്രം ഉപയോഗിക്കാമെന്ന് നിലവിലെ കേന്ദ്ര ഭക്ഷ്യ-പരിസ്ഥിതി സഹമന്ത്രിയും മുൻ ആരോഗ്യ സഹമന്ത്രിയുമായ അശ്വിനി കുമാര്‍ ചൗബേ അവകാശപ്പെട്ടിരുന്നു.

ഗോമൂത്രവും പശുവിന്റെ മറ്റ് ഉൽപന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാന്‍ കാരണമായതെന്ന അവകാശവാദവുമായി ഭോപ്പാൽ ബി.ജെ.പി എം.പിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് ഠാക്കൂര്‍ രംഗത്തുവന്നിരുന്നു.

Tags:    
News Summary - Cleaning, lying in a cowshed can cure cancer’ -UP minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.