മുംബൈ: മെട്രോ യാത്രക്കിടെ ഗർബ ഗാനം ആലപിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തവർക്കെതിരെ രൂക്ഷവിമർശനവുമായി നടിയും സംവിധായകയുമായ പൂജ ഭട്ട്. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി മുംബൈ മെട്രോയിൽ ഒരു വിഭാഗം യാത്രക്കാർ ഗുജറാത്തി ഗർബ ഗാനം ആലപിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്യുന്ന വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പൊതുയിടങ്ങളിൽ ഇത്തരത്തിൽ പെരുമാറുന്നതിലെ ഔചിത്യം പൂജ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ ചോദ്യം ചെയ്തു. ‘പൊതുയിടങ്ങളിൽ ഇതെല്ലാം അനുവദനീയമാണോ? അത് ഹിന്ദുത്വ പോപ് സംഗീതമോ, ക്രിസ്മസ് ഗാനങ്ങളോ, ബോളിവുഡ് ഹിറ്റുകളോ അല്ലെങ്കിൽ മറ്റെന്തെങ്കിലോ ആകട്ടെ. പൊതു ഇടങ്ങൾ ഈ രീതിയിൽ ദുരുപയോഗം ചെയ്യാൻ പാടില്ല’ -പൂജ എക്സിൽ കുറിച്ചു.
ജനം അടിസ്ഥാന പൗര നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഒരു സ്ഥലത്തും ക്രമസമാധാനം ഉറപ്പാക്കാനാകില്ലെന്നും നടി മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. നമുക്ക് അടിസ്ഥാന നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, ക്രമസമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷയില്ല. നഗരത്തെ രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ബാനറുകൾ വികൃതമാക്കുന്നു, മെട്രോ പാർട്ടി സോണാക്കി മാറ്റുന്നു. തെരുവിൽ പടക്കങ്ങൾ കത്തിക്കുന്നു -ഇതെല്ലാം അക്രമികൾ മറയാക്കി മാറ്റുകയാണെന്നും അവർ വ്യക്തമാക്കി.
മുതിർന്ന എൻ.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് പൂജയുടെ പ്രതികരണം. മുംബൈയിലെ ബാന്ദ്രയിൽ ദസറ ഘോഷയാത്രയും പടക്കങ്ങൾ പൊട്ടിക്കുന്നതും മറയാക്കിയാണ് അക്രമികൾ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പൂജ പതിവായി പ്രതികരിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.