മുംബൈ: ഒൻപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഇല്യാസും (38), മുഹമ്മദ് ഇർഫാനും (33) പുറത്തിറങ്ങിയത്. യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിലായിരുന്ന ഇരുവരും നന്ദഡിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം പറഞ്ഞത് ഇത്രമാത്രം: ''ഞങ്ങളുടെ ഒൻപത് വർഷങ്ങൾ വെറും വായുവായിരിക്കുന്നു''.
2012 ൽ നന്ദഡിൽ വെച്ചാണ് ഇല്യാസിനെയും ഇർഫാനെയും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവർത്തകരും രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെ കൊല്ലാനുള്ള ലഷ്കറെ ത്വയ്ബയുടെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇരുവർക്കുമെതിരെ യാതൊരു തെളിവുകളുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ചൊവ്വാഴ്ച ഇരുവരെയും വെറുതെ വിടുകയായിരുന്നു. അപ്പോേഴക്കും ഇരുവർക്കും ഒൻപത് വർഷങ്ങൾ നഷ്ടമായിരുന്നു. ഇരുവർക്കൊപ്പം അറസ്റ്റിലായ മുഹമ്മദ് അക്രം, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് സാദിഖ് എന്നിവരെ യു.എ.പി.എ നിയമപ്രകാരം പത്തുവർഷം തടവിലിടാനും വിധിയുണ്ട്.
അറസ്റ്റിലാകുന്നതിന് മുമ്പ് ഇല്യാസ് നന്ദഡിൽ പഴക്കച്ചവടക്കാരനായിരുന്നു. ഇർഫാൻ ബാറ്ററി ഷോപ്പുടമയും. ഒൻപത് വർഷത്തിനിടെ ജാമ്യത്തിനായി നിരവധി തവണ അപേക്ഷിച്ചിരുന്നു. എ.ടി.എസിനും എൻ.ഐ.എക്കും ഇരുവർക്കുമെതിരെ തെളിവുകളൊന്നും ഹാജരാക്കാനായില്ല. 2019ൽ ഇർഫാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ നാലുമാസത്തിന് ശേഷം സുപ്രീംകോടതി വിധി സ്റ്റേ ചെയ്തതോടെ വീണ്ടും അഴിക്കുള്ളിലായി.
ഇർഫാനും ഇല്യാസിനുമായി കേസ് നടത്തിയത് ജംഇയ്യത്തുൽ ഉലമായേ മഹാരാഷ്ട്രയാണ്. ''ജാമ്യം നേടിയ ശേഷം ഞാൻ പുതുജീവിതം പടുത്തുയർത്താനുള്ള ശ്രമത്തിലായിരുന്നു. ഇനിയൊരിക്കലും ജയിലിലേക്ക് പോകേണ്ടി വരില്ലെന്ന് കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ജാമ്യത്തിന് ശേഷമുള്ള 18 മാസങ്ങൾ അതിനുമുമ്പുള്ള ഏഴ് വർഷങ്ങളേക്കാൾ കഠിനമായിരുന്നു'' -ഇർഫാൻ പറഞ്ഞു.
ഇല്യാസ് അറസ്റ്റിലാകുേമ്പാൾ ചെറിയ കുഞ്ഞിന് രണ്ട് ആഴ്ചത്തെ പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒൻപത് വർഷത്തിനിടയിൽ ഭാര്യയേയും മൂന്നുകുഞ്ഞുങ്ങളേയും ഒരേ ഒരു തവണ ജയിലിൽ വെച്ചുമാത്രമാണ് ഇല്യാസ് കണ്ടത്. ''യാതൊരു തെളിവുമില്ലെന്ന് അറിയാമായിരുന്നു. പക്ഷേ കേസ് നടത്താനുള്ള സാമ്പത്തികം എനിക്കില്ലായിരുന്നു. ഈ ജാമ്യം നേരത്തേ കിട്ടിയിരുന്നെങ്കിൽ എനിക്ക് ഒരു പാട് വർഷങ്ങൾ നഷ്ടമാകില്ലായിരുന്നു'' -ഇല്യാസ് പറഞ്ഞു നിർത്തി.
കടപ്പാട് -ഇന്ത്യൻ എക്സ്പ്രസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.