തിരുവനന്തപുരം: സഹകരണബാങ്കുകളിലെ വായ്പാ കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കാനുള്ള സർക്കാർ ഫീസ് 10,000 രൂപയിൽ കവിയരുതെന്ന് ധാരണ. തിരിച്ചുപിടിക്കേണ്ട തുകയുടെ 7.5 ശതമാനം ഫീസായി നിശ്ചയിക്കാൻ വ്യവസ്ഥ ചെയ്യുന്ന കരട് ചട്ടം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവന് സമർപ്പിച്ചിരുന്നു. മന്ത്രിയുടെയും സഹകരണ വകുപ്പ് സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ ഒരാഴ്ച മുമ്പ് ആദ്യവട്ട ചർച്ച പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ജപ്തി ചെയ്യുന്ന തുകയുടെ 7.5 ശതമാനം ഫീസായി നിശ്ചയിക്കാനുള്ള വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ ധാരണയായി. പരമാവധി 10,000 രൂപ ഫീസായി ഈടാക്കിയാൽ മതിയെന്നാണ് യോഗത്തിലെ ധാരണ. ഒരുമാസത്തിനകം അന്തിമ തീരുമാനമെടുക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള ജപ്തിക്ക് 5000 രൂപയാണ് രജിസ്ട്രേഷൻ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഈ തുകയും അധികമാണെന്ന നിലപാടാണ് സഹകരണ വകുപ്പിന്.
കുറഞ്ഞ തുകയിൽ ധാരണയായിട്ടില്ലെങ്കിലും പരമാവധി 10,000 രൂപ മതിയെന്ന് ഏറക്കുറെ തീരുമാനമായിട്ടുണ്ട്. ജപ്തി വഴിയുള്ള അധിക ബാധ്യത വായ്പയെടുത്തവരുടെ തലയിലാകുമെന്നും അതിനുള്ള സാഹചര്യമുണ്ടാകരുതെന്നും മന്ത്രിതലയോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാറിന്റെ വരുമാന വർധന ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റിന് മുമ്പുതന്നെ ഇതുസംബന്ധിച്ച് രജിസ്ട്രേഷൻ വകുപ്പിൽനിന്നും ധനവകുപ്പിൽനിന്നും നിർദേശങ്ങൾ ഉയർന്നിരുന്നു. അന്ന് സഹകരണ വകുപ്പ് എതിർപ്പറിയിച്ചു. പിന്നീടാണ് ധനവകുപ്പിന്റെ അംഗീകാരത്തോടെ രജിസ്ട്രേഷൻ വകുപ്പ് 7.5 ശതമാനം തുക ഫീസായി നിർദേശിച്ച് കരട് ചട്ടം സമർപ്പിച്ചത്.
സഹകരണ സംഘങ്ങൾ വിവിധ കാര്യങ്ങൾക്ക് സർക്കാറിന് നൽകേണ്ട ഫീസ് നിരക്ക് ഉയർത്താൻ ലക്ഷ്യമിട്ടാണ് കരട് ചട്ടം തയാറാക്കിയത്. എന്നാൽ, കരടിൽ നിർദേശിച്ച തുക അമിതമാണെന്ന് കണ്ട് സഹകരണ വകുപ്പ് ഇത് തള്ളുകയായിരുന്നു. പിന്നീട് ചേർന്ന മന്ത്രിതല യോഗത്തിലാണ് തുക പതിനായിരത്തിൽ കവിയരുതെന്ന് ധാരണയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.