തൃശൂര്‍: കോയമ്പത്തൂരിലെ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് വിയ്യൂർ ജയിലിലെത്തിയെന്ന സംശയത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം ജയിലിലെത്തി രേഖകൾ പരിശോധിച്ചു. ഐ.എസ് കേസിലെ മുഖ്യപ്രതി മുഹമ്മദ് അസറുദ്ദീനെ ജമീഷ മുബീൻ ജയിലിലെത്തി കണ്ടിരുന്നുവെന്ന സൂചനകളിലാണ് പരിശോധന.
മുഹമ്മദ് അസറുദ്ദീനുമായി ജമീഷ മുബീന് ഉറ്റ ബന്ധമുണ്ടെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് വിയ്യൂർ അതിസുരക്ഷ ജയിലില്‍ കഴിയുന്ന അസറുദ്ദീനെ ജമീഷ മുബീന് കണ്ടിരുന്നുവെന്ന സൂചന പുറത്തുവന്നത്. എന്നാല്‍, ജയിലില്‍ നടത്തിയ അന്വേഷണത്തില്‍ ജമീഷ മുബീന് അസറുദ്ദീനെ കണ്ടതായി ഉറപ്പിക്കാനായില്ല. അതേസമയം, ജയിലിലുള്ള എൻ.ഐ.എ കേസ് പ്രതി അംജദ് അലിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ജമീഷ മുബീൻ കേരളത്തിലെത്തിയത് അംജദ് അലിയെ കാണാനായിരുന്നുവെന്നും സ്ഥിരീകരിച്ചു.
ജയിലിലെത്തിയ ഉദ്യോഗസ്ഥർ അസറുദ്ദീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തു. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഇയാൾ ജയിലിലെത്തിയത്. എന്നാല്‍ ഇയാളെ സന്ദര്‍ശിച്ചത് കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ജമീഷ മുബീനാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻ.ഐ.എ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസിന്റെ അന്വേഷണ സംഘവുമാണ് വിവരങ്ങൾ ശേഖരിച്ചത്. 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ആളാണ് മുഹമ്മദ് അസറുദ്ദീൻ. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
തൃശൂർ: ജമീഷ മുബീൻ എന്ന പേരിൽ ഒരാൾ വിയ്യൂർ അതിസുരക്ഷ ജയിലിൽ എത്തിയിട്ടില്ലെന്ന് അധികൃതർ. മുബീൻ ഹക്ക് എന്ന പേരിൽ കൊണ്ടോട്ടി സ്വദേശിയാണെന്നാണ് വിലാസം നൽകിയിരിക്കുന്നത്. ഇയാൾ 2020 ഒക്ടോബർ ആദ്യ ആഴ്ച ജയിലിലെത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കൊണ്ടോട്ടി സ്വദേശി ഹംജത്ത് അലിയെ ആണ് ഇയാൾ സന്ദർശിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് ജാമ്യം ലഭിച്ച് ഹംജത്ത് ജയിൽ വിട്ടതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.