കത്ര: ചിനാബ് നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പാലം വരുന്നു. ജമ്മുകശ്മീരിലെ സംഘർഷ പ്രദേശത്താണ് പാലം വരുന്നത്. ഫിൻലാൻഡിലേയും ജർമനിയിലേയും എൻജിനിയർമാരുടെ രൂപകൽപനയിൽ 1.315 കിലോമീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മിറ്റർ ഉയരത്തിലാണ് നിർമിക്കുന്നത്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ് പാലം വരിക.
എഞ്ചിനീയറിങ് ലോകത്തെ വിസ്മയമായിരിക്കും ഇൗ പാലമെന്ന് റെയിൽവേ ചീഫ് എൻജിനീയർ ബി. ബി. എസ് തോമർ പറഞ്ഞു. 12,000 കോടി രൂപയുടെതാണ് പദ്ധതി. 1400 തൊഴിലാളികൾ നിലവിൽ പാലം പണിയിൽ ഏർപ്പെട്ടിരിക്കുന്നു. 2019 മാർച്ചിൽ പണി പൂർത്തീകരിക്കണമെന്നാണ് കരുതുന്നതെന്നും തോമർ അറിയിച്ചു.
കശ്മീർ റെയിൽവേ പദ്ധതിയിൽ 111കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കത്രയും ബനിയാലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ണ്ണിയായിരിക്കും പാലം. അതിർത്തിക്കടുത്ത് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന മേഖലയായതിനാൽ വലിയ സ്ഫോടനത്തെ നേരിടാൻ കഴിയുന്ന രീതിയിലാണ് ഡി.ആർ.ഡി.ഒ പാലം നിർമിക്കുന്നത്.
കശ്മീരിലെ റെയിൽ പാത പദ്ധതിയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാലമാണ് ഇതെന്നും പരിശോധന, അറ്റകുറ്റപ്പണികൾ എന്നിവക്കായി പാലത്തിൽ ഒരു റോപ് വേ ഉണ്ടായിരിക്കുമെന്നും തോമർ പറഞ്ഞു. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശമായതിനാൽ പാലം നിർമ്മാണത്തിനായി റെയിൽവേ 22 കി.മീ റോഡ് നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.