ന്യൂഡൽഹി: ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്ക് മതം മാറിയ പട്ടികവിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിക്കാൻ ദേശീയ കമീഷൻ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ.

ഹൈന്ദവ, ബുദ്ധ, സിഖ് വിഭാഗങ്ങൾ ഒഴികെയുള്ള മതങ്ങളിലേക്ക് പരിവർത്തനം നടത്തിയ പിന്നാക്കവിഭാഗക്കാരുടെ സ്ഥിതി പഠിക്കാൻ കമീഷൻ രൂപവത്കരിക്കുന്നത് സജീവമായി പരിഗണിക്കുകയാണ് സർക്കാർ. ന്യൂനപക്ഷ, പേഴ്സനൽ കാര്യ മന്ത്രാലയങ്ങൾ ഇതിന് പച്ചക്കൊടി കാട്ടി. ആഭ്യന്തര, നിയമ, സാമൂഹികനീതി, ധനമന്ത്രാലയങ്ങളുമായി കൂടിയാലോചന നടന്നുവരുന്നു.

മതപരിവർത്തനം കൊണ്ട് ജീവിതാവസ്ഥയിൽ എന്തു മാറ്റമുണ്ടായി, നിലവിലെ പട്ടികജാതി പട്ടികയിൽ കൂടുതൽ പേരെ ചേർക്കുന്നത് ഉചിതമാണോ തുടങ്ങിയ കാര്യങ്ങളാണ് കമീഷൻ പഠിക്കുക. കേന്ദ്രമന്ത്രിയുടെ പദവിയിൽ ചെയർമാനും മൂന്നോ നാലോ അംഗങ്ങളും അടങ്ങുന്നതായിരിക്കും കമീഷൻ.

ഇസ്ലാമും ക്രിസ്തുമതവും സ്വീകരിച്ച പട്ടികജാതിക്കാർ സംവരണാനുകൂല്യം ആവശ്യപ്പെടുന്ന നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ കമീഷൻ രൂപവത്കരിക്കുന്നതിന് പ്രാധാന്യമുണ്ട്.

ഈ വിഷയത്തിൽ നിലപാടറിയിക്കാൻ സോളിസിറ്റർ ജനറലിന്‍റെ അഭ്യർഥന പ്രകാരം മൂന്നാഴ്ച സർക്കാറിന് സാവകാശം അനുവദിച്ച് ഒക്ടോബർ 11ലേക്ക് കേസ് കോടതി മാറ്റിവെച്ചിരുന്നു. ഹൈന്ദവ, സിഖ്, ബുദ്ധമത വിശ്വാസികളല്ലാത്തവരെ പട്ടികജാതിക്കാരായി കണക്കാക്കില്ലെന്നാണ് ഭരണഘടന വ്യവസ്ഥ.

കേന്ദ്രസർക്കാർ തസ്തികകളിലെ നേരിട്ടുള്ള നിയമനങ്ങളിൽ പട്ടികജാതിക്കാർക്ക് 15ഉം പട്ടിക വിഭാഗക്കാർക്ക് 7.5ഉം ഒ.ബി.സിക്കാർക്ക് 27ഉം ശതമാനമാണ് നിലവിലെ സംവരണം.

Tags:    
News Summary - Commission to study the reservation requirement of SC converts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.