ന്യൂഡൽഹി: നാമനിർദേശ പത്രികക്ക് ഒപ്പം നൽകിയ സത്യവാങ്മൂലത്തിൽ കോടിക്കണക്കിനു രൂപയുടെ ബാധ്യത മറച്ചുവെച്ചുവെന്ന കാരണത്താൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു. മുതിർന്ന നേതാക്കളായ ജയ്റാം രമേശ്, കപിൽ സിബൽ, അഭിഷേക് സിങ്വി തുടങ്ങിയവർ കമീഷനിലെത്തി നിവേദനവും അനുബന്ധ തെളിവുകളും കൈമാറി.
ബാധ്യതകൾ വെളിപ്പെടുത്താതിരുന്നത് ബോധപൂർവമാണെന്ന് നിവേദനത്തിൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട ശേഷവും ആസ്തി, ബാധ്യതകൾ വെളിപ്പെടുത്തുകയെന്ന ഉത്തരവാദിത്തം അമിത് ഷാ സത്യസന്ധമായി നിർവഹിച്ചില്ല.
2017 ആഗസ്റ്റിലാണ് ഗുജറാത്തിൽനിന്ന് അമിത് ഷാ രാജ്യസഭാംഗമായത്. അമിത് ഷായുടെ മകൻ ജയ് ഷാക്ക് കുസും ഫിൻസേർവ് എന്ന കമ്പനിയുണ്ട്. ആറു കോടിയിൽ താഴെയാണ് ആസ്തി. ആ സ്വകാര്യ കമ്പനിക്ക് രണ്ടു സഹകരണ ബാങ്കുകളും ഒരു സർക്കാർ സ്ഥാപനവും ചേർന്ന് 97.35 കോടി രൂപയുടെ വായ്പാ സൗകര്യം നൽകി.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാൻ അമിത് ഷായുടെ പേരിൽ രജിസ്റ്റർ ചെയ്ത വസ്തുവകകളാണ് പണയപ്പെടുത്തിയത്. എന്നാൽ, ഇൗ ബാധ്യത മറച്ചുവെച്ചുവെന്ന് കോൺഗ്രസ് സംഘം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.