ലഖ്നോ: ദുർബലരായ കോൺഗ്രസ് സ്ഥാനാർഥികൾ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറക്കുമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വാദത്തെ തള്ളി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും ഒരു പാർട്ടിയും അങ്ങനെ ചെയ്യില്ലെന്നും അഖിലേഷ് പറഞ്ഞു.
കോണ്‍ഗ്രസ് എവിടെയെങ്കിലും ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയും അങ്ങനെ ചെയ്തിട്ടില്ല. ജനങ്ങള്‍ കോൺഗ്രസിെൻറ കൂടെയില്ലാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ന്യായീകരണങ്ങള്‍ പറയുന്നതെന്നും അഖിലേഷ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ നടന്ന റാലിയിൽ ഉത്തർപ്രദേശിലെ ദുർബലരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൾ ബി.ജെ.പിയുടെ വോട്ട് വിഹിതം കുറക്കുമെന്നാണ് പ്രിയങ്ക പ്രസ്താവന നടത്തിയത്. ശക്തമായ പോരാട്ടമാണ് കോൺഗ്രസ് സ്ഥാനാർഥികൾ നടത്തുന്നത്. സ്ഥാനാര്‍ഥികള്‍ ശക്തരായ ഇടങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കും. അല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. കോൺഗ്രസ് ബി.ജെ.പിയെ മുതലെടുക്കുകയാണ്. പ്രതിപക്ഷനേതാക്കളെ ഭയപ്പെടുത്താനും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ ദുരുപയോഗം ചെയ്യാനും ബി.ജെ.പി പഠിച്ചത് കോണ്‍ഗ്രസില്‍ നിന്നാണ്. തനിക്കെതിരെയും മുലായം സിങ് യാദവിനെതിരെയും പൊതുതാത്പര്യഹര്‍ജികള്‍ നല്‍കിയ വ്യക്തി ലഖ്‌നോവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ചടങ്ങിലുണ്ടായിരുന്നുവെന്നും അഖിലേഷ് ആരോപിച്ചു.
മഹാഗഡ്ബന്ധന്‍ കോണ്‍ഗ്രസിെൻറ ബി ടീമാണെന്ന ആരോപണവും ബി.ജെ.പി പറയുന്നതാണ് അഖിലേഷും മായാവതിയും അനുസരിക്കുക എന്ന കോൺഗ്രസിെൻറ ആരോപണവും അഖിലേഷ് തള്ളി. രാജ്യത്തിന് ഒരു പുതിയ പ്രധാനമന്ത്രിയെ നല്‍കുന്നതിനുവേണ്ടിയാണ് തങ്ങളുടെ മഹാഗഡ്ബന്ധനെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.