മുംബൈ: മുംബൈയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ മൂന്നാമത് യോഗം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരാളെത്തി. ഇതോടെ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുറുമുറുപ്പുയർന്നു. പലരും അതൃപ്തി പ്രകടമാക്കി. എന്നാൽ, എതിർപ്പുയർത്തേണ്ട ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി നിലപാടെടുത്തതോടെ എല്ലാവരും തണുത്തു. മറ്റാരുമല്ല, നേരത്തെ കോൺഗ്രസിന്‍റെ സമുന്നത നേതാവും, പിന്നീട് പാർട്ടി വിട്ട് എസ്.പി പിന്തുണയോടെ രാജ്യസഭാംഗവുമായ കപിൽ സിബലായിരുന്നു ഇന്നത്തെ യോഗത്തിലെ അപ്രതീക്ഷിത സന്ദർശകൻ.
നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ഇന്നത്തെ യോഗത്തിലേക്ക് കപിൽ സിബലിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നില്ല. കപിൽ സിബൽ യോഗത്തിലെത്തിയതിന്‍റെ അതൃപ്തി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിക്കുകയും ചെയ്തു. കപിൽ സിബൽ പങ്കെടുക്കുന്നതിലെ നീരസം ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ വേണുഗോപാൽ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
എന്നാൽ, പ്രതിപക്ഷ നിരയിലെ ഏതൊരാൾക്കും യോഗത്തിൽ പങ്കെടുക്കാമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. കപിൽ സിബൽ പങ്കെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് രാഹുൽ വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് നേതാക്കൾ അയഞ്ഞത്.
ഏതാനും പ്രതിപക്ഷ നേതാക്കളുമായി കപിൽ സിബൽ സംസാരിക്കുകയും ചെയ്തു. ഇൻഡ്യ നേതാക്കളുടെ ഗ്രൂപ് ഫോട്ടോയിലും സിബൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം മേയിലാണ് കപിൽ സിബൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച ജി 23 വിമത നേതാക്കളില്‍ പ്രധാനിയായിരുന്നു സിബല്‍. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്‍റെ തലപ്പത്ത് നിന്നു മാറിനില്‍ക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
രണ്ട് ദിവസത്തെ ഇൻഡ്യ യോഗം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കമാണ് ചർച്ചചെയ്തത്. 14 അംഗ ഏകോപന സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. കെ.സി വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി), എം.കെ. സ്റ്റാലിൻ (ഡി.എം.കെ), സഞ്ജയ് റാവുത്ത് (ശിവസേന)), തേജസ്വി യാദവ് (ആർ.ജെ.ഡി), അഭിഷേക് ബാനർജി (ടി.എം.സി), രാഘവ് ഛദ്ദ (എ.എ.പി), ജാവേദ് ഖാൻ (സമാജ്വാദി പാർട്ടി), ലല്ലൻ സിങ് (ജനതാദൾ), ഹേമന്ത് സോറൻ (ജെ.എം.എം), ഡി. രാജ (സി.പി.ഐ), ഉമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി.ഡി.പി) എന്നിവരാണ് ഏകോപന സമിതിയിലെ അംഗങ്ങൾ. സി.പി.എമ്മിൽ നിന്നുള്ള അംഗത്തെ നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.