ന്യൂഡൽഹി: പാർലെമന്റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാചരണം ബഹിഷ്കരിക്കാനൊരുങ്ങി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. നവംബർ 26 വെള്ളിയാഴ്ചയാണ് ഭരണഘടനാ ദിനം.
പാർലെമന്റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടന ദിനാചരണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷത വഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സംബന്ധിക്കും.
പരിപാടി ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനോട് പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. ഡി.എം.കെ, ശിവസേന, ആർ.എസ്.പി, എൻ.സി.പി, എസ്.പി, തൃണമൂൽ കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ആർ.ജെ.ഡി, ജെ.എം.എം, മുസ്ലിം ലീഗ് പാർട്ടികളുടെ നേതാക്കൾ പരിപാടികൾ ബഹിഷ്കരിക്കും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സർക്കാറിന്‍റെ 'ആസാദി കാ അമൃത് മഹോത്സവി'ന്‍റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ, സി.പി.എം, ആർ.ജെ.ഡി, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് എന്നിവയുടെ മുതിർന്ന നേതാക്കൾ അറിയിച്ചു.
പാർട്ടി നേതാക്കൾ തമ്മിൽ നടത്തിയ അനൗപചാരിക കൂടിയാലോചനയിലാണ് ബഹിഷ്കരണ തീരുമാനമെടുത്തതെന്നാണ് വിവരം.
പ്രതിപക്ഷ പാർട്ടികൾ പരസ്പരം സംസാരിച്ചതായും നിരന്തരം ഭരണഘടനയെ അവഹേളിക്കുന്ന സർക്കാർ നടത്തുന്ന പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചായും ഇടതുസംഘടനയിലെ മുതിർന്ന നേതാവ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ തങ്ങളുടെ എം.പിമാരാരും ഡൽഹിയിൽ ഇല്ലെന്ന് ടി.എം.സി നേതാവ് പ്രതികരിച്ചു.
അതേസമയം, ടി.ആർ.എസ്, ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് എം.പിമാർ ചടങ്ങിൽ പങ്കെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.