ഗോവ: രാജി ഭീഷണി മുഴക്കി കോണ്‍ഗ്രസ് എം.എല്‍.എമാര്‍

പനാജി: വലിയ ഒറ്റ കക്ഷിയാകാന്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപവത്​കരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം വീഴ്ച്ചവരുത്തിയതില്‍ പ്രതിഷേധിച്ച് ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു. മുന്‍ മുഖ്യമന്ത്രിയും കഴിഞ്ഞ സര്‍ക്കാറിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് റാണെയുടെ മകനും വാല്‍പോയില്‍ നിന്നുള്ള എം.എല്‍.എയുമായ വിശ്വജീത് റാണെയുടെ നേതൃത്വത്തിലാണ് നീക്കം. വിശ്വജീത് റാണെ രാജിവെച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിലവില്‍ രാജിവച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മറ്റ് ആറ് എം.എല്‍.എമാര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഇങ്ങിനെ പോയാല്‍ കോണ്‍ഗ്രസിന് ഗോവയില്‍ ഇനി ഭാവിയില്ലെന്നും അതിനാല്‍ പുതിയ പാര്‍ട്ടി രൂപവത്​കരിക്കണമെന്നുമാണ് ഇവരുടെ പക്ഷം.
 
കോണ്‍ഗ്രസിലെ 17 എം.എല്‍.എമാരില്‍ 13 പേരും പാര്‍ട്ടി നേതൃത്വത്തിന്റെ മെല്ലെപ്പോക്കില്‍ അതൃപ്​തരാണ്. പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് നിലവില്‍ ആറ് പേരാണ് വിശ്വജിത്തിനു പുറകിലുള്ളത്. പാര്‍ട്ടി പിളർത്തി പുതിയ പാര്‍ട്ടി ഉണ്ടാക്കാനുള്ള മൂന്നില്‍ ഒന്നു ഭൂരിപക്ഷമില്ലെങ്കില്‍ രാജിവെച്ച് ഉപ തെരഞ്ഞെടുപ്പ് നേരിടാനും ആലോചന സജീവമാണെന്ന് അറിയുന്നു. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ വൈകിയതാണ് മൂന്നംഗങ്ങളുളള വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വര്‍ഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം നഷ്​ടപെടുത്തിയത്.
 
രഹസ്യ വോട്ടിങ്ങിലൂടെ ഗോവ പി.സി.സി അധ്യക്ഷന്‍ ലൂയിസീഞ്ഞൊ ഫലെറിയൊക്കാണ് നറുക്കുവീണത്. എന്നാല്‍, അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കരുതെന്നതാണ് വിജയ് സര്‍ദേശായി മുന്നോട്ട് വെച്ച പ്രധാന നിബന്ധന. പിന്നീട്, ക്യുപെം മണ്ഡലത്തിലെ എം.എല്‍.എ  ബാബു കവലേക്കറിനെ നിയമസഭാ കക്ഷി നേതാവായി തീരുമാനിച്ചു. അപ്പോഴേക്കും, ഗോവ ഫോര്‍വര്‍ഡ് പാര്‍ട്ടിയെ ബി.ജെ.പി തങ്ങളുടെ പാളയത്തിലാക്കി കഴിഞ്ഞിരുന്നു.

 

Tags:    
News Summary - congress mlas in goa ready to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.