ജയ്പൂർ: സ്വന്തം സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന അഭ്യർഥനയുമായി കോൺഗ്രസ് വോട്ടർമാരെ സമീപിക്കുന്ന അപൂർവ കാഴ്ചക്കാണ് രാജസ്ഥാനിലെ ബൻസ്വാര-ദുംഗാർപൂർ ലോക്സഭ മണ്ഡലം വേദിയാകുന്നത്. ഗോത്രവിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയായി അരവിന്ദ് ദാമോറിനെ നിർത്തിയ പാർട്ടി അവസാന നിമിഷം ഭാരത് ആദിവാസി പാർട്ടി (ബി.എ.പി) സ്ഥാനാർഥി രാജ്കുമാർ റോത്തിനെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന് തലേന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് അരവിന്ദ് ദാമോർ പത്രിക പിൻവലിക്കേണ്ടതായിരുന്നു. എന്നാൽ, പിൻവലിക്കാനുള്ള അവസാന നിമിഷം വരെ ഇദ്ദേഹം രംഗത്തുവന്നില്ല. പാർട്ടിക്ക് ഇദ്ദേഹത്തെ കണ്ടെത്താനും കഴിഞ്ഞില്ല. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ദാമോർ, പാർട്ടി തീരുമാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും താൻ മത്സരരംഗത്തുണ്ടാകുമെന്നും പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസ്-ബി.എ.പി സഖ്യവും തമ്മിൽ നേരിട്ട് മത്സരം നടക്കേണ്ട സ്ഥാനത്ത് ഇദ്ദേഹം പിന്മാറാത്തതിനാൽ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. കോൺഗ്രസ് വോട്ട് ഭിന്നിച്ചാൽ ബി.ജെ.പി സ്ഥാനാർഥി മഹേന്ദ്രജിത് സിങ് മാളവ്യക്കാണ് ഗുണം ചെയ്യുക.
സ്വന്തം സ്ഥാനാർഥിക്ക് പകരം രാജ്കുമാർ റോത്തിന് വോട്ട് ചെയ്യാനാണ് കോൺഗ്രസ് വോട്ടർമാരോട് ആവശ്യപ്പെടുന്നത്. അതേസമയം, ബി.എ.പിയുമായുള്ള സഖ്യം ഇഷ്ടപ്പെടാത്ത പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് ദാമോർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.