ന്യൂഡൽഹി: ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് വ്യക്തമാക്കിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പട്ടിക ജാതി വിഭാഗക്കാരനായത് കൊണ്ടാണോ കേന്ദ്ര സർക്കാർ പരിഗണിക്കാത്തതെന്നും ചോദിച്ചു.
പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടു. പ്രതിപക്ഷ അംഗമായി എന്നത് കൊണ്ട് അർഹതപ്പെട്ടത് പോലും ചെയ്യാൻ സർക്കാർ തയാറാകുന്നില്ല. കൊടിക്കുന്നിലിന്‍റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേ?. സർക്കാറിന്‍റെ പോക്ക് എങ്ങോട്ടാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തിന്‍റെ കടക്കല്‍ കത്തി വക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കീഴ്വഴക്കം ലംഘിക്കപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ഏറ്റവും മുതിർന്ന അംഗമായ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചാണ് ജൂൺ 24ന് സമ്മേളിക്കുന്ന 18-ാം ലോക്സഭയിൽ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭർത്രുഹരി മഹ്താബിനെ തെരഞ്ഞെടുത്തത്.
എം.പിമാരുടെ സത്യപ്രതിജ്ഞയടക്കം നടപടികളിൽ സഹായികളായി കൊടിക്കുന്നിൽ സുരേഷ്, ഡി.എം.കെ എം.പി ടി.ആർ. ബാലു, ബി.ജെ.പി പ്രതിനിധികളായ രാധ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്തെ, തൃണമൂലിന്റെ സുദീപ് ബന്ദോപാധ്യായ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
2014ലെ സഭയിൽ അന്നത്തെ ഏറ്റവും മുതിർന്ന അംഗം കമൽ നാഥും 2019ൽ ബി.ജെ.പിയുടെ വീരേന്ദർ കുമാറുമായിരുന്നു പ്രോടെം സ്പീക്കർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.