തിരുവനന്തപുരം: പാകിസ്താന് ആയുധം നല്‍കുകയും നേപ്പാളിനെ ഇന്ത്യക്കെതിരെ തിരിച്ചുവിടുകയും അരുണാചല്‍ പ്രദേശിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍ കൈയടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചൈന രാജ്യസുരക്ഷയ്ക്ക് അതീവ ഭീഷണി ഉയര്‍ത്തുന്ന കാലഘട്ടത്തിലും സി.പി.എം പ്രകടിപ്പിക്കുന്ന ചൈനീസ് പ്രേമം ദേശവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തുവുമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. രാജ്യം സ്വാതന്ത്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും മാതൃരാജ്യത്തേക്കാള്‍ തങ്ങളുടെ കൂറ് ചൈനയോടാണെന്ന് അടിവരയിടുന്നതാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പുതിയ പ്രസ്താവന. ഐക്യരാഷ്ട്ര സഭ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദം ഉള്‍പ്പെടെ ഇല്ലാതാക്കാന്‍ അന്തര്‍ദേശീയ തലത്തില്‍ ഗൂഢാലോചന നടത്തുകയും അഫ്ഗാനിസ്താനില്‍ താലിബാന് പരോക്ഷ പിന്തുണ നല്‍കി ഇന്ത്യ ഉപഭൂഖണ്ഡത്തിലേക്ക് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചൈന, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
സൈനികവും സാമ്പത്തികവുമായ ഭീഷണിയാണ് ഇന്ത്യക്ക് നേരെ ചൈന ഉയര്‍ത്തുന്നതെന്ന് സി.പി.എമ്മിന് അറിയാത്ത കാര്യവുമല്ല. 'ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂപ്രദേശ'ത്തിനു വേണ്ടിയാണ് ഇന്ത്യ-ചൈന യുദ്ധം നടന്നതെന്ന കുപ്രസിദ്ധ പരാമര്‍ശം നടത്തിയത് ഇ.എം.എസായിരുന്നു. ചരിത്രത്തില്‍നിന്ന് അവര്‍ ഒരുപാഠവും പഠിച്ചിട്ടില്ല. 1962-ലെ ചൈനീസ് പ്രണയത്തില്‍നിന്ന് അണുവിട മാറാന്‍ കാലമിത്രയായിട്ടും സി.പി.എം തയാറായില്ലെന്ന് വേണം കരുതാന്‍.
രാജ്യസുരക്ഷക്ക് അതീവ ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചൈനീസ് ഉല്പന്നങ്ങള്‍ക്കും ചൈനയുടെ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും ഇന്ത്യ നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയത്. അതിനു ശേഷവും ചൈന പ്രകോപനം തുടരുകയാണ്. ചൈനീസ് ഭക്തി കാലഘട്ടത്തിന് ചേര്‍ന്നതല്ലെന്ന് സി.പി.എമ്മിന്‍റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ചൈനയുടെ വളര്‍ച്ച ഇന്ത്യക്ക് അഭിമാനമല്ലെന്ന് സമ്മേളത്തില്‍ പ്രതിനിധികള്‍ തിരുത്തി പറഞ്ഞതുമാണ്. എന്നിട്ടും ചൈനയാണ് മാതൃരാജ്യമെന്ന് വിശ്വസിക്കുന്നവരാണ് സി.പി.എമ്മിനെ നയിക്കുന്നതെന്നത് ലജ്ജാവഹമാണെന്നും വേണുഗോപാൽ പറഞ്ഞു.
ഇന്ത്യയില്‍ ചൈനക്കെതിരായ പ്രചരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്ന് പറയുന്നവര്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളെയും പ്രതിരോധ-സൈനിക മേഖലകളിലടക്കം ഉയര്‍ത്തുന്ന ഭീഷണികളെയും ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്. ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍ക്കു നേരെ കണ്ണടക്കുന്ന മോദി ഭരണകൂടം, അരുണാചല്‍ പ്രദേശില്‍ മക്‌മോഹന്‍ ലൈന്‍ മറികടന്ന് ചൈനീസ് ഗ്രാമം നിര്‍മ്മിച്ചെന്ന റിപ്പോര്‍ട്ടുകളുള്‍പ്പെടെ വന്നപ്പോഴും നിസംഗത പുലര്‍ത്തി. രാജ്യത്തിന്‍റെ മണ്ണ് കവര്‍ന്നെടുക്കുന്ന ചൈനീസ് കടന്നുകയറ്റത്തിനു നേരെ മൗനം പുലര്‍ത്തുന്ന മോദിക്ക് പരോക്ഷ പിന്തുണയാണ് സിപിഎം നല്‍കുന്നത്. എസ്.ആര്‍.പിയുടെ ചൈനീസ് ഭക്തി സി.പി.എമ്മിന്‍റെ നയപരമായ നിലപാട് തന്നെയാണോ എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.