ന്യൂഡൽഹി: തെലങ്കാനക്ക് കോൺഗ്രസ് നൽകിയ ആറ് ഉറപ്പുകൾ സാമൂഹിക നീതിക്കും സാമ്പത്തിക ശാക്തീകരണത്തിനും വേണ്ടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ. ബി.ജെ.പിയും ബി.ആർ.എസും ചേർന്ന് തെലങ്കാനയിൽ സാമ്പത്തിക അസമത്വം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
"ദുർബലർക്കും അവശത അനുഭവിക്കുന്നവർക്കും സുരക്ഷ നൽകുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ബി.ജെ.പിയുടെയും ബി.ആർ.എസിന്‍റെയും അഴിമതി നിറഞ്ഞ ദുർഭരണം സാമ്പത്തിക അസമത്വങ്ങൾ സൃഷ്ടിച്ചു. ഞങ്ങളുടെ ഉറപ്പുകൾ ആ വിടവ് നികത്തുന്നു"- മല്ലികാർജുൻ ഖാർഗേ എക്സിൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ ജനങ്ങൾക്കായി ആറ് വാഗ്ദാനങ്ങൾ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ വീതം നൽകും. കർഷകർക്ക് 15000 രൂപ വീതവും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും പ്രതിവർഷം നൽകുമെന്നും കുറഞ്ഞ താങ്ങുവിലക്ക് മുകളിൽ ഉൽപാദിപ്പിക്കുന്ന നെല്ലിന് ക്വിന്റലിന് 500 രൂപ ബോണസായി നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും ഭൂമിയും വീടും നിർമിക്കുന്നതിന് 5 ലക്ഷം രൂപ ധനസഹായം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഉന്നത വിദ്യാഭ്യാസത്തിന് 5 ലക്ഷം രൂപ ധനസഹായം എന്നിവയാണ് കോൺഗ്രസിന്‍റെ മറ്റ് വാഗ്ദാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.