ന്യൂഡൽഹി: ബി.ജെ.പി നേതാക്കൾ പ്രതികളായ മുസഫർനഗർ കലാപ കേസുകൾ പിൻവലിക്കാനുള്ള യു.പി സർക്കാർ തീരുമാനം കോൺഗ്രസ് ചോദ്യംചെയ്തു. സമുദായം നോക്കിയല്ല കേസുകളുടെ ഭാവി തീരുമാനിക്കേണ്ടത്. 503ൽ 179 കേസുകൾ പ്രത്യേകമായെടുത്ത് പരിശോധിച്ച സാഹചര്യം എന്താണെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല ചോദിച്ചു. ഹീനമായ കുറ്റകൃത്യം, വർഗീയ ശത്രുത വളർത്തൽ എന്നിങ്ങനെ ഗുരുതരമായ കേസുകളെ രാഷ്ട്രീയ പ്രേരിതമായ കേസുകളായി കണക്കാക്കാൻ പാടില്ല.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന സുപ്രീംകോടതി വിധിയെച്ചൊല്ലിയുള്ള ഭയപ്പാടാണ് ബി.ജെ.പി നേതാക്കൾക്ക്. യോഗി ആദിത്യനാഥ് ഇന്ന് ബി.ജെ.പി നേതാവു മാത്രമല്ല, മുഖ്യമന്ത്രിയെന്ന നിലയിൽ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും കാവലാളാണെന്ന് കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് ബി.ജെ.പി നടപ്പാക്കുന്ന നയം. വിഭജന കാലത്തുപോലും വർഗീയ കലാപം ഉണ്ടാകാത്ത പടിഞ്ഞാറൻ യു.പിയിൽ കലാപം സൃഷ്ടിക്കപ്പെട്ടു എന്നതും ഒാർക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.