ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണെന്ന കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വെളിപ്പെടുത്തൽ വിവാദമായി. മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. മോ-ദാനി (മോദി-അദാനി) വീണ്ടും വാർത്തകളിൽ നിറഞ്ഞെന്നും ഇത്തവണ കെനിയയിൽനിന്നാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു.
അദാനി ഗ്രൂപ്പിനോടുള്ള പക്ഷപാതിത്വത്തിന് പ്രതിക്കൂട്ടിലായ റെയ്‌ല ഒഡിംഗ, ഒരു ദശാബ്ദത്തിനുമുമ്പ് ഗുജറാത്തിലെ അന്നത്തെ മുഖ്യമന്ത്രിയാണ് അദാനിയെ പരിചയപ്പെടുത്തി നൽകിയതെന്ന് ഇപ്പോൾ സമ്മതിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദാനി ഗ്രൂപ്പിന് കൈമാറിയതുമായി ബന്ധപ്പെട്ട് കെനിയയിൽ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കെയാണ് ഒഡിൻഗയുടെ വെളിപ്പെടുത്തൽ വന്നത്. അദാനി ഗ്രൂപ്പിനെ കെനിയയിൽ കൊണ്ടുവരാനുള്ള തീരുമാനത്തെ ന്യായീകരിച്ചായിരുന്നു ഒഡിംഗയുടെ പ്രസ്താവന. തുറമുഖം, പവർ പ്ലാന്‍റ്, എയർ സ്ട്രിപ്പ്, ചതുപ്പിൽ വികസിപ്പിച്ച റെയിൽവേ ലൈൻ എന്നിവയുൾപ്പെടെ അദാനി ഗ്രൂപ്പിന്‍റെ പദ്ധതികൾ സന്ദർശിക്കാൻ കെനിയൻ പ്രതിനിധി സംഘത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സഹായിച്ചുെവന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
കെനിയയിലെ പ്രധാന വിമാനത്താവളം ഏറ്റെടുക്കാനുള്ള കമ്പനിയുടെ നിർദേശം പ്രതിഷേധത്തിനിടയാക്കുകയും കോടതി അത് റദ്ദാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഒഡിംഗക്ക് കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നത്. അവിടെ ഹൈ-വോൾട്ടേജ് പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പ് ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.