ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളുമായി സീറ്റു പങ്കിടൽ ചർച്ചകൾ അടുത്തയാഴ്ച തുടങ്ങിവെക്കാനുള്ള ഒരുക്കത്തിൽ കോൺഗ്രസ്. ഇതിനായി രൂപവത്കരിച്ച ദേശീയ സഖ്യ സമിതി വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിനു പിന്നാലെ സീറ്റ് പങ്കിടൽ ചർച്ചകൾ തുടങ്ങുമെന്ന് പാർട്ടികേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഇൻഡ്യ മുന്നണിയിലെ പങ്കാളികളുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മത്സരിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുമായാണ് അഞ്ചംഗ ദേശീയ സഖ്യസമിതി രണ്ടു ദിവസത്തെ ചർച്ച നടത്തുക. കോൺഗ്രസിന് നല്ല അടിത്തറയുള്ള സ്ഥലങ്ങൾ ഏതൊക്കെയെന്ന് പാർട്ടി അധ്യക്ഷന് നൽകുന്ന റിപ്പോർട്ടിൽ സമിതി വ്യക്തമാക്കും. മുകുൾ വാസ്നിക്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരാണ് കഴിഞ്ഞയാഴ്ച രൂപവത്കരിച്ച സമിതിയിലെ അംഗങ്ങൾ. നാഗ്പുരിൽ വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പു കാഹള റാലി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ യാത്രയുടെ തയാറെടുപ്പുകൾ എന്നിവക്കൊപ്പമാണ് സീറ്റ് പങ്കിടൽ ചർച്ചകളിലേക്കുള്ള ചുവടുവെപ്പ്.
വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിമാരുമായി മല്ലികാർജുൻ ഖാർഗെ കൂടിയാലോചന നടത്തിയിരുന്നു.
ചില സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായി ഇതിനകം പ്രാദേശിക തലത്തിൽ ചർച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഔപചാരിക ചർച്ചകൾ അടുത്തയാഴ്ചയാണ് ആരംഭിക്കുക. ദേശീയ കാഴ്ചപ്പാടിൽനിന്നുകൊണ്ട് സീറ്റ് പങ്കിടൽ ചർച്ചകൾ മുന്നോട്ടു നീക്കാനാണ് ശ്രമം.
പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ ആദ്യ യോഗം ജനുവരി നാലിന് മുൻകേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിൽ നടക്കും. ഭാരത് ന്യായ യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാർ, നിയമസഭ കക്ഷി നേതാക്കൾ എന്നിവരുമായി മറ്റൊരു യോഗവും നാലിന് നിശ്ചയിച്ചിട്ടുണ്ട്.
ഏഴു കിലോമീറ്റർവരെ നീളുന്ന പദയാത്ര അടക്കം പ്രതിദിനം 120 കിലോമീറ്ററോളമാണ് ഒരു ദിവസം യാത്രികർ സഞ്ചരിക്കുക. മണിപ്പൂരിൽ ജനുവരി 14ന് തുടങ്ങി മാർച്ചിൽ മുംബൈയിൽ സമാപിക്കുന്ന വിധമാണ് സജ്ജീകരണം. മണിപ്പൂർ, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, ഛത്തിസ്ഗഢ്, യു.പി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ന്യായയാത്ര.
അതിനിടെ, മഹാരാഷ്ട്രയിൽ കോൺഗ്രസിനെ ‘കുത്തിയുള്ള’ ശിവസേന ഉദ്ധവ് പക്ഷത്തിന്റെ പ്രസ്താവന കോൺഗ്രസ് സംസ്ഥാന ഘടകത്തെ ചൊടിപ്പിച്ചു. തങ്ങൾ ഇത്തവണ മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റുകളിൽ 23 ഇടത്ത് മത്സരിക്കുമെന്നും കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച പൂജ്യത്തിൽനിന്ന് തുടങ്ങണമെന്നുമാണ് സേന നേതാവ് സഞ്ജയ് റാവുത് പറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് ഒരു സീറ്റും കിട്ടിയില്ലെന്നതാണ് റാവുത് ഇതിന് കാരണമായി പറഞ്ഞത്.
സേന എം.പിമാരിൽ ഭൂരിഭാഗവും ഇപ്പോൾ ഏക്നാഥ് ഷിൻഡെ പക്ഷത്തിനൊപ്പമായതിനാൽ ‘മഹാ വികാസ് അഘാഡി’ സഖ്യത്തിലിപ്പോൾ കോൺഗ്രസ് ആണ് വലിയ പാർട്ടിയെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കളായ സഞ്ജയ് നിരുപമും മിലിന്ദ് ദേവ്രയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.