ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും ഫലം പുറത്തുവന്ന് 48 മണിക്കൂറില്‍തന്നെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. എത്ര സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നില്ല. എന്നാൽ, ഇൻഡ്യ മുന്നണിക്ക് 272 സീറ്റുകള്‍ എന്നത് വ്യക്തമായ കാര്യമാണ്. ദക്ഷിണേന്ത്യയിൽനിന്നും ബി.ജെ.പിയെ തുടച്ചുനീക്കുമെന്നും ഉത്തരേന്ത്യയിൽ പകുതിയാകുമെന്നും ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾതന്നെ മനസ്സിലായി. 2004ലും എക്സിറ്റ് പോൾ പ്രവചിച്ചത് എൻ.ഡി.എക്ക് വൻ ഭൂരിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
2019ൽ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി സീറ്റുകൾ തൂത്തുവാരി. ഇക്കുറി രാജസ്ഥാൻ, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മികച്ച നേട്ടമുണ്ടാക്കും. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ നില മെച്ചപ്പെടും. ബിഹാറിലും പശ്ചിമ ബംഗാളിലും ബി.ജെ.പി നില മെച്ചപ്പെടുത്തില്ല. ഇൻഡ്യ മുന്നണിയിൽ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക കോണ്‍ഗ്രസിനായിരിക്കുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍, ടി.ഡി.പി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു തുടങ്ങിയ എൻ.ഡി.എ സഖ്യകക്ഷികള്‍ക്കായി തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ മുന്നണി വാതില്‍ തുറന്നിടുമോയെന്ന ചോദ്യത്തിന് നിതീഷ് കുമാര്‍ കൂറുമാറ്റത്തിന്റെ അധിപനാണെന്നും 2019ല്‍ നായിഡു യു.പി.എക്കൊപ്പം ആയിരുന്നുവെന്നും അദ്ദേഹം മറുപടി നൽകി.
വിരമിച്ചതിന് ശേഷമുള്ള ജീവിതം എന്തായിരിക്കുമെന്ന് മോദി ധ്യാനത്തിലൂടെ കണ്ടെത്തുമെന്നും ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.