രാജസ്ഥാനിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരും -സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് ഒരവസരം കൂടി ലഭിക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. സർക്കാരുകളെ ഓരോ തവണയും മാറ്റിപ്പിടിക്കുന്ന ജനങ്ങളുടെ മനോഭാവത്തിന് ഇക്കുറി മാറ്റം വരുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ''സംസ്ഥാനത്ത് കോൺഗ്രസിന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്ക് ലഭിക്കും. ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് അവർ തെരഞ്ഞെടുക്കുക.​''-എന്നാണ് സച്ചിൻ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചത്.

മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ അധികാരത്തിനായി ഏറെകാലം വൈരം നിലനിന്നിരുന്നു. പാർട്ടിക്കു വേണ്ടി തങ്ങൾ ഒന്നിച്ചു നിൽക്കുമെന്നും പാർട്ടി എന്നത് രണ്ടോ മൂന്നോ ആളുകൾ മാത്രം ചേർന്നതല്ലെന്നും സച്ചിൻ വ്യക്തമാക്കി. രാജസ്ഥാനിലെ കോൺഗ്രസ് യൂനിറ്റ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ 199 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഭരണം പിടിക്കാൻ പ്രതിപക്ഷമായ ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. കരൺപൂർ മണ്ഡലത്തിലെ വോട്ടെടുപ്പാണ് മാറ്റിവെച്ചത്. രാവിലെ ഏഴു മണിമുതൽ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പ് സമാധാനപരമായി നടക്കാനായി സംസ്ഥാനത്ത് ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 1,02,290 സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 99 സീറ്റുകളിലാണ് വിജയിച്ചത്. ബി.ജെ.പിക്ക് 73 സീറ്റ് ലഭിച്ചു. ബി.എസ്.പി എം.എൽ.എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

Tags:    
News Summary - Congress will get another chance says Sachin Pilot as Rajasthan votes today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.