ബംഗളൂരു: 43 പേരുടെ മൂന്നാംഘട്ട സ്ഥാനാർഥി പത്രികയുമായി കോൺഗ്രസ്. കോലാറിൽ മത്സരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് ഇരട്ട സീറ്റ് അനുവദിച്ചില്ല. വെള്ളിയാഴ്ച ബി.ജെ.പി അംഗത്വവും എം.എൽ.സി പദവിയും രാജിവെച്ച് കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിക്ക് ബെളഗാവിയിലെ അതാനി സീറ്റ് നൽകി.
ഓപറേഷൻ താമരയിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ സിറ്റിങ് എം.എൽ.എ മഹേഷ് കുമത്തല്ലിയെ അതാനിയിൽ സവാദി നേരിടും. സവാദി മുമ്പ് മൂന്നുതവണ എം.എൽ.എയായിരുന്നു. ഹാസനിലെ അരസിക്കരെയിൽ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തിയ സിറ്റിങ് എം.എൽ.എ ശിവലിംഗ ഗൗഡക്ക് സീറ്റ് നൽകി.
മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയുടെ മകൻ നിവേദ് ആൽവ ഉത്തരകന്നടയിലെ കുംതയിൽനിന്ന് ജനവിധി തേടും. കന്നഡ നടി ഉമാശ്രീയെ ബാഗൽകോട്ടിലെ തെർദലിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പട്ടികയിൽ പരിഗണിച്ചില്ല.
മലയാളികളായ കെ.ജെ. ജോർജ് (സർവജ്ഞ നഗർ), എൻ.എ. ഹാരിസ് (ശാന്തി നഗർ), യു.ടി. ഖാദർ (മംഗളൂരു) എന്നിവർ സിറ്റിങ് മണ്ഡലങ്ങളിൽനിന്ന് ഇത്തവണയും മത്സരിക്കും. ഇതുവരെ പ്രഖ്യാപിച്ച സീറ്റുകളിൽ 38 പേർ പുതുമുഖങ്ങളാണ്. 224 മണ്ഡലങ്ങളിൽ കോൺഗ്രസിന് ഇനി 15 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
സിദ്ധരാമയ്യയെ തോൽപിക്കാൻ ബി.ജെ.പിയും ജെ.ഡി-എസും കഴിഞ്ഞതവണ രഹസ്യധാരണയുണ്ടാക്കിയപ്പോൾ അദ്ദേഹം മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ക് പുറമെ, ബാഗൽകോട്ടിലെ ബദാമിയിൽനിന്നും മത്സരിച്ചിരുന്നു. ചാമുണ്ഡേശ്വരിയിൽ കനത്ത തോൽവി പിണഞ്ഞ സിദ്ധരാമയ്യ ബദാമിയിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇത്തവണ മൈസൂരുവിലെ വരുണ സീറ്റാണ് സിദ്ധരാമയ്യക്ക് കോൺഗ്രസ് നൽകിയത്. മന്ത്രി വി. സോമണ്ണക്ക് ഇരട്ട സീറ്റ് നൽകി ഈ മണ്ഡലത്തിൽ ബി.ജെ.പി മത്സരം കടുപ്പിച്ചതോടെ സിദ്ധരാമയ്യക്ക് കോലാർ കൂടി അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കോലാറിലെ നേതാവായ കൊത്തൂർ ജി. മഞ്ജുനാഥിനാണ് സീറ്റ് നൽകിയത്.
ബംഗളൂരു പുലികേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയടക്കം പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന നാല് എം.എൽ.എമാരുടെ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ പ്രവാചക നിന്ദ പോസ്റ്റാണ് ഡി.ജെ.ഹള്ളി, കെ.ജി ഹള്ളി മേഖലയിൽ അക്രമത്തിനും തീവെപ്പിനുമിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.