ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണിതെന്ന് ആരോപിച്ചാണ് കോൺഗ്രസ് ചടങ്ങ് ബഹിഷ്‍കരിക്കുന്നത്. ആർ.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു. ജനുവരി 22നാണ് ചടങ്ങ്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
''മതം ഒരാളുടെ സ്വകാര്യതയാണ്. എന്നാൽ ബി.ജെ.പിയും ആർ.എസ്.എസും അയോധ്യ ക്ഷേത്രം ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ ചേർന്ന് പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടിയുപയോഗിക്കുകയാണ്.''-എന്നായിരുന്നു ഇതുസംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രസ്താവന.
2019 ലെ സുപ്രീം കോടതി വിധിയിൽ ഉറച്ചുനിൽക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുമ്പോൾ ഖാർഗെയും സോണിയാ ഗാന്ധിയും അധിർ രഞ്ജൻ ചൗധരിയും ആർ.എസ്.എസ്/ബി.ജെ.പി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിച്ചു.-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.