കൊൽക്കത്ത: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ സ്ഥാനാർഥിയെ നിർത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മമതക്കെതിരെ കോൺഗ്രസ് പ്രചാരണവും നടത്തില്ല.
'മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാർഥിയെ നിർത്തിയാൽ അത് ബി.ജെ.പിയെ പരോക്ഷമായി സഹായിച്ചേക്കും, അതിനോട് ഹൈക്കമാൻഡിന് താൽപര്യമില്ല' -ബംഗാൾ കോൺഗ്രസ് അധ്യക്ഷനും എം.പിയുമായ അധീർരഞ്ജൻ ചൗധരി പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ ഭൂരിപക്ഷം പേർക്കും തൃണമൂലിനെതിരെ മത്സരിക്കണമെന്നായിരുന്നു അഭിപ്രായം എന്നാൽ അവസാന തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസും തൃണമൂലും തമ്മിൽ അടുക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. വിശാല പ്രതിപക്ഷ ഐക്യത്തിനായി കഴിഞ്ഞ ജൂൈല 28ന് മമത കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു.
ദക്ഷിണ കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിലേക്ക് നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ മമതയെ സ്ഥാനാർഥിയായി തൃണമൂൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ-മേയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച മമത ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദുവിന്‍റെ വെല്ലുവിളി സ്വീകരിച്ചാണ് തന്‍റെ സ്വന്തം തട്ടകമായ ഭവാനിപൂർ വിട്ട് മമത നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടിയത്. മമതക്കായി കൃഷി മന്ത്രിയും മുതിർന്ന നേതാവുമായ ശോഭന്‍ദേവ് ഛത്തോപാധ്യായ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു.
സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഒഴിവാക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. മേയിൽ തെരഞ്ഞെടുപ്പ് നടക്കാതിരുന്ന മുർഷിദാബാദ് ജില്ലയിലെ സംസർഖഞ്ച്, ജാങ്കിപൂർ സീറ്റുകൾക്കൊപ്പം സെപ്റ്റംബർ 30നായിരിക്കും ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ മൂന്നിനായിരിക്കും വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.