മണിശങ്കർ അയ്യർ

പാകിസ്താനെ ബഹുമാനിച്ചില്ലെങ്കിൽ അവർ അണുബോംബ് പ്രയോഗിക്കുമെന്ന് മണിശങ്കർ അയ്യർ; വിമർശിച്ച് ബി.ജെ.പി

ന്യൂഡൽഹി: പാകിസ്താനെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പരാമർശം തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ വിവാദമായി. പരമാധികാര രാഷ്ട്രമായ പാകിസ്താനെ ഇന്ത്യ ബഹുമാനിക്കണമെന്നും അണുബോംബ് കൈവശമുള്ള അവരുമായി സംഭാഷണത്തിലേർപ്പെടണമെന്നും അയ്യർ പറയുന്ന പഴയ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് രാഷ്ട്രീയപോരിന് തുടക്കം കുറിച്ചത്.

പാകിസ്താന്റെയും അവിടെ നിന്നുത്ഭവിക്കുന്ന ഭീകരതയുടെയും വക്താവാണ് കോൺഗ്രസ് എന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. അതേസമയം, അയ്യരുടെ പരാമർശങ്ങളോട് അകലം പാലിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പ്രചരിക്കുന്ന വിഡിയോ പഴയതാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം പാളിയതിനാലാണ് പുതിയ വിവാദങ്ങളുമായി ബി.ജെ.പി രംഗത്തെത്തുന്നതെന്നും മണിശങ്കർ അയ്യർ കുറ്റപ്പെടുത്തി.

‘ആറ്റംബോംബ് കൈവശം വെച്ചിരിക്കുന്ന പാകിസ്താനെ ഇന്ത്യ ബഹുമാനിക്കണം. നമ്മൾ അവർക്ക് ബഹുമാനം നൽകിയില്ലെങ്കിൽ, അവർ ഇന്ത്യക്കെതിരെ ആറ്റംബോംബ് പ്രയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. ഭ്രാന്തനായ ഒരാൾ അവിടെ അധികാരത്തിലെത്തി അണുബോംബ് പ്രയോഗിച്ചാൽ ആഘാതം ഗുരുതരമായിരിക്കും.’ -ഇങ്ങനെയാണ് അയ്യർ വിഡിയോയിൽ പറയുന്നത്.

പരാമർശങ്ങൾ വിവാദമായതോടെ മണിശങ്കർ അയ്യരെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് രംഗത്തെത്തി. ഏതെങ്കിലുംതരത്തിൽ പാർട്ടിക്കുവേണ്ടി സംസാരിക്കാൻ ചുമതലപ്പെടുത്തിയ വ്യക്തിയല്ല അയ്യരെന്ന് കോൺഗ്രസ് മാധ്യമവിഭാഗം അധ്യക്ഷൻ പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിവസേനയുള്ള വിഡ്ഢിത്തങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ ബി.ജെ.പി എടുത്തിട്ടതാണ് വിവാദം. ഏതാനും മാസം മുമ്പ് അയ്യർ നടത്തിയ പരാമർശങ്ങളോട് പാർട്ടി പൂർണമായി വിയോജിക്കുന്നു -അദ്ദേഹം പറഞ്ഞു. പഴയ വിഡിയോകൾ ഉപയോഗിക്കുകയാണെങ്കിൽ ചൈനയെ ഭയപ്പെടണമെന്ന് പരസ്യമായി പറയുന്ന അത്ര പഴയതല്ലാത്ത ഒരു വിഡിയോ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വിഡിയോ എക്സിൽ പങ്കുവെച്ചു.

പാകിസ്താനെ ഭയപ്പെടണമെന്നും ബഹുമാനം നൽകണമെന്നുമാണ് അയ്യർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ, പുതിയ ഇന്ത്യ ആരെയും ഭയപ്പെടുന്നില്ല. അയ്യരുടെ പരാമർശം കോൺഗ്രസിന്റെ ഉദ്ദേശ്യവും നയങ്ങളും പ്രത്യയശാസ്ത്രവും വ്യക്തമാക്കുന്നതാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാകിസ്താന്റെയും അവരുടെ ഭീകരതയുടെയും വക്താവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Congress's Mani Shankar Aiyar says 'Respect Pak or they'll drop atom bomb'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.