ന്യൂഡൽഹി: 2009നുശേഷം കോൺഗ്രസിന്റെ മികച്ച പ്രകടനമായിരുന്നു രാജസ്ഥാനിൽ കണ്ടത്. പ്രചാരണ തന്ത്രങ്ങളിൽ കാലോചിതമായ മാറ്റം വരുത്തിയും ആഭ്യന്തര വിഷയങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുകയും ചെയ്താണ് കോൺഗ്രസ് രാജസ്ഥാനിൽ ഇക്കുറി തന്ത്രങ്ങൾ മെനഞ്ഞത്. സംസ്ഥാനത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലെ കാർഷക സമുദായങ്ങളുടെ അതൃപ്തി മുതലെടുക്കുന്നതിൽ കോൺഗ്രസ് വിജയിച്ചുവെന്ന് തന്നെയാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നാമാവശേഷമായ സംസ്ഥാനത്ത് 25ൽ എട്ടുസീറ്റുകളെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ തിരിച്ചുവരവാണ്. പാർട്ടിയുമായി സഖ്യത്തിൽ കളത്തിലിറങ്ങിയ സി.പി.എമ്മും രാഷ്ട്രീയ ലോക് താന്ത്രിക് ജനതാദളും ഭാരത് ആദിവാസി പാർട്ടിയും ഓരോ സീറ്റുകളിൽ ജയിച്ചതും പ്രകടനത്തിന് മാറ്റുകൂട്ടി.
സി.പി.എമ്മുമായും ആർ.എൽ.പിയുമായും ഭാരത് ആദിവാസി പാർട്ടിയുമായും തന്ത്രപരമായ സഖ്യമുണ്ടാക്കുക വഴി പ്രാദേശിക വിഷയങ്ങളെയടക്കം കൃത്യമായി അഭിസംബോധന ചെയ്യാൻ കോൺഗ്രസിനായി. പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ കോൺഗ്രസിന് വർധിച്ച സ്വീകാര്യത ഇക്കുറി തെരഞ്ഞെടുപ്പുഫലത്തിൽ വ്യക്തമാണ്.
എൻ.ഡി.എ സർക്കാറിനുകീഴിൽ തങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുമെന്ന ഭരണഘടന ഭേദഗതിയടക്കം വിഷയങ്ങളിൽ പിന്നാക്ക വിഭാഗങ്ങളെ ബോധവത്കരിക്കാനും ചേർത്തുനിർത്താനുമായത് രാജസ്ഥാനിൽ കോൺഗ്രസിന് പുതിയ ഊർജം പകർന്നു.
ഷെഖാവതിയിലടക്കം കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കരുത്തുതെളിയിച്ചിടങ്ങളിലെല്ലാം ഇക്കുറിയും അത് ആവർത്തിക്കാൻ പാർട്ടിക്കായി. ഷെഖാവതിയിൽ കർഷക സമരമടക്കം വിഷയങ്ങൾക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. പടിഞ്ഞാറൻ രാജസ്ഥാനിലാവട്ടെ അത് ഭരണഘടനയും ഭരണഘടനാ ഭേദഗതികളുമായിരുന്നു.
ബി.ജെ.പിയുടെ ഗ്ലാമർ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് മുന്നേറ്റം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ജോദ്പുരിൽനിന്ന് മത്സരിച്ച കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിന്റെ ഭൂരിപക്ഷം 2019ൽ 2.7 ലക്ഷമായിരുന്നത് ഇത്തവണ 1.1 ലക്ഷമായി കുറഞ്ഞു.
സമാനമായിരുന്നു കേന്ദ്രമന്ത്രിയായ അർജുൻ റാം മേഘ്വാളിന്റെയും കാര്യം, ഭൂരിപക്ഷം 2.6 ലക്ഷത്തിൽനിന്ന് 55,711 ആയി ഇടിഞ്ഞു. ലോക്സഭ സ്പീക്കർ ഓം ബിർളക്കും ചങ്കിടിപ്പേറ്റിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ തവണ 2.7 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ബിർളക്ക് ഇത്തവണ 41,974 വോട്ടാണ് ഭൂരിപക്ഷം.
2019ൽനിന്നും 2024ലേക്കെത്തുമ്പോൾ വോട്ടുഷെയർ ഉയർത്താനും കോൺഗ്രസിനായി. കോൺഗ്രസും ബി.ജെ.പിയും യഥാക്രമം 34.6ഉം 51.1ഉം ശതമാനം വോട്ടാണ് 2019ൽ നേടിയത്. 2024ൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ മൊത്തം വോട്ടുവിഹിതം 37.91 ശതമാനമാണ്.
ബി.ജെ.പിക്കാകട്ടെ അത് 49.24 ശതമാനത്തിലേക്ക് കുറഞ്ഞു. 2009ൽ 47.2 ശതമാനം വോട്ടുമായി 20 സീറ്റ് നേടിയ കോൺഗ്രസിന് 2014 തെരഞ്ഞെടുപ്പു മുതലാണ് തിരിച്ചടി നേരിടേണ്ടിവന്നത്. അന്ന് 36.06 ശതമാനം വോട്ടിലൊതുങ്ങിയ ബി.ജെ.പി 2014ൽ 55.6 ശതമാനം വോട്ടുമായി 25 സീറ്റുകളും പിടിച്ചെടുത്തപ്പോൾ കോൺഗ്രസിന്റെ വോട്ടുഷെയർ 30.7 ശതമാനത്തിലൊതുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.