ഛണ്ഡീഗഡ്: സിനിമ ടിക്കറ്റ് റദ്ദാക്കി റീഫണ്ട് നൽകാൻ വിസമ്മതിച്ചതിന് ഓൺലൈൻ മൂവി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമിന് പിഴ. ഛണ്ഡീഗഡ് സ്വദേശിയായ രവീന്ദർ സിങ്ങിന് 5000 രൂപ നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിർദേശം.
2019ലാണ് കേസിന് ആസ്പദമായ സംഭവം. 2019 ഡിസംബർ മൂന്നിന് 'ബാല' സിനിമയുടെ രണ്ട് ടിക്കറ്റ് ഇയാൾ മൊബൈലിലൂടെ ഓൺലൈനായി ബുക്ക് ചെയ്തു. ബുക്ക് മൈ ഷോ ആപ്ലിക്കേഷൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബർ അഞ്ചിന് പി.വി.ആർ സിനിമാസിലാണ് ടിക്കറ്റ് ബുക്കറ്റ് ചെയ്തിരുന്നത്. 636.72 രൂപ ക്രെഡിറ്റ് കാർഡ് വഴി അടക്കുകയും ചെയ്തു.
എന്നാൽ, ഡിസംബർ അഞ്ചിന് അസുഖം ബാധിച്ചതിനാൽ സിനിമ ടിക്കറ്റ് കാൻസൽ ചെയ്യാൻ തീരുമാനിച്ചു. ഇതിനായി ബുക്ക് മൈ ഷോ ആപ്ലിക്കേഷൻ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, സിനിമ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ ടിക്കറ്റ് കാൻസൽ ചെയ്ത് റീഫണ്ട് അനുവദിക്കുവെന്നായിരുന്നു കമ്പനിയുടെ വാദം. സിനിമ തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പാണ് രവി ടിക്കറ്റ് കാൻസൽ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, ടിക്കറ്റിൽ 20 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് കാൻസൽ ചെയ്യാമെന്നും റീഫണ്ട് അനുവദിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. ഇതിന് വിപരീതമായി ബുക്ക് മൈ ഷോയിലൂടെ 20 മിനിറ്റ് മുമ്പ് ടിക്കറ്റ് കാൻസൽ ചെയ്യാൻ രവീന്ദറിന് സാധിച്ചില്ല.
തുടർന്ന് രവീന്ദർ ബുക്ക് മൈ ഷോ കമ്പനിയുമായി ബന്ധപ്പെട്ടു. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് മുമ്പുണ്ടായിരുന്ന പോളിസിയാെണന്നും പുതുക്കിയ പോളിസി നിലവിൽ വന്നുവെന്നുമായിരുന്നു മറുപടി. രവീന്ദറിന് ടിക്കറ്റ് കാൻസൽ ചെയ്യാൻ സാധിക്കാതിരുന്നതിനാൽ കമ്പനി ടിക്കറ്റിന്റെ മുഴുവൻ പണവും നൽകാമെന്നും പ്ലാൻ വൗച്ചർ നൽകാമെന്നുമുള്ള വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ, പിന്നീട് രവീന്ദറിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കമ്പനി തയാറായില്ല. ഇതോടെ രവീന്ദർ കമ്മീഷനെ സമീപിക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴുണ്ടായിരുന്ന പോളിസി അതിന്റെ ഉപയോഗം അവസാനിക്കുന്നതുവരെ പിന്തുടരണമെന്നായിരുന്നു കമ്മീഷന്റെ വിധി. തുടർന്ന് രവീന്ദറിന് നഷ്ടപരിഹാരമായി 5000 രൂപ നൽകാനും കമ്പനിയോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.