ന്യൂഡൽഹി: കോൺഗ്രസിന്റെ 'ഭാരത് ജോഡോ യാത്ര'യിൽ ഭാഗഭാക്കായ 230 പേർക്ക് കിടക്കാൻ കണ്ടെയ്നർ മുറികൾ. 60 കണ്ടെയ്നറുകളിലായാണ് കിടക്കാൻ മുറികൾ ഒരുക്കിയത്. ഒരു കിടക്ക മുതൽ 12 കിടക്കകൾ വരെയാണ് കണ്ടെയ്നറുകളിൽ ഒരുക്കിയിട്ടുള്ളത്. ഇവ റെയിൽവേയുടെ സ്‍ലീപ്പർ കമ്പാർട്മെന്റുകൾ പോലെയാണെന്ന് ഭാരത് ജോഡോ യാത്രയുടെ നേതൃത്വം വഹിക്കുന്ന ദിഗ്‍വിജയ് സിങ് പറഞ്ഞു. എല്ലാ ദിവസവും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ട്രക്കുകളിൽ ഈ കണ്ടെയ്നറുകൾ എത്തിക്കും. കഴിഞ്ഞ ദിവസം മുതലാണ് കണ്ടെയ്നറുകൾ ഒരുക്കിയത്.
പാർട്ടി നേതാവായ രാഹുൽഗാന്ധി കിടന്നുറങ്ങുന്നത് ഒറ്റക്കുള്ള കിടപ്പറയിലാണ്. എയർ കണ്ടീഷൻഡ് കണ്ടെയ്നറിൽ ഒരുക്കിയ റൂമാണ് രാഹുലിനുള്ളത്. മറ്റുള്ളവർക്ക് സിംഗിൾ റൂമില്ല. മുതിർന്ന നേതാക്കൾക്ക് രണ്ട് പേർ പങ്കിടുന്ന മുറികളും മറ്റ് യാത്രികൾക്ക് ആറ് മുതൽ 12 കിടക്കകൾ ഉള്ളവയും ആണ്. എല്ലാ കണ്ടെയ്നറും എയർകണ്ടീഷൻഡ് അല്ലെങ്കിലും എല്ലാത്തിലും അറ്റാച്ച്ഡ് ബാത്റൂമുകളുണ്ട്.
താത്കാലിക ക്യാമ്പ് സൈറ്റുകളിലാണ് രാത്രി കണ്ടെയ്നറുകൾ നിർത്തിയിടുന്നത്. ഭക്ഷണം കഴിക്കുന്നതിനോ യോഗം ചേരുന്നതിനോ ഉള്ള സൗകര്യങ്ങൾ ഇവയിൽ ഇല്ല. ടി.വിയില്ല. എന്നാൽ ഫാനുണ്ടെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.
രാഹുൽ ഗാന്ധി ഉൾപ്പെടെ 119 ഭാരത് യാത്രികരുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ 3570 കിലോമീറ്ററും അതിഥി യാത്രികർക്കൊപ്പം അദ്ദേഹം കാൽനടയായാണ് പിന്നിടുക. രാത്രി കണ്ടെയ്നറുകളിൽ ഒരുക്കിയ മുറിയിൽ കഴിയുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
യാത്രയുടെ ആദ്യ ദിവസം യാത്രികൾ 23 കിലോമീറ്റർ പിന്നിട്ടു. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ടാണ് യാത്ര കശ്മീരിൽ അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.