ജലന്തർ: അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഖലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങ് 12 മണിക്കൂറിനിടെ അഞ്ചുവാഹനങ്ങൾ മാറിക്കയറിയെന്ന് പൊലീസ്. അമൃത്പാലിനു വേണ്ടിയുള്ള തെരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അമൃത് പാലിന്റെ അനുയായികൾ വാളും തോക്കും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതിയെ പുറത്തിറക്കിയതോടെയാണ് അമൃത്പാലിനു വേണ്ടി പെലീസ് ഊർജ്ജസ്വലമായി അന്വേഷണം ആരംഭിച്ചത്.
ആദ്യ ദിനം അമൃത്പാലിനെ മേഴ്സിഡസ് എസ്.യു.വിയിൽ യാത്ര ചെയ്യുന്നതായാണ് കണ്ടത്. ജലന്തറിലെ ഷാഹ്കോട്ടിൽവെച്ച് മാരുതി ബ്രീസയിലേക്ക് യാത്ര മാറ്റി. കാറിൽ വെച്ച് തന്നെ വസ്ത്രവും മാറിയെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
നങ്കൽ അമ്പിയാനിൽ എത്തിയപ്പോൾ അമൃത് പാൽ വീണ്ടും വാഹനം മാറ്റി. പപ്പൽ പ്രീത് എന്ന സഹായിക്കൊപ്പം ബജാജ് പ്ലാറ്റിന ബൈക്കാണ് യാത്രക്കായി സംഘടിപ്പിച്ചത്. പിന്നീട് ബൈക്കിൽ ഇന്ധനം തീർന്നതോടെ, ദരാപൂരിൽ ഓട്ടോറിക്ഷ സംഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു.
അമൃത്പാൽ സിങ്ങ് ബൈക്ക് സംഘടിപ്പിച്ചത് ഒരു പൂജാരി കുടുംബത്തെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തിയാണെന്ന് റിപ്പോർട്ടുണ്ട്. ലുധിയാനയിലെ പൂജാരിയുടെ ഗുരുദ്വാരയിലേക്ക് ഓടിക്കയറിയ അമൃത് പാലും കൂട്ടാളിയും പൂജാരിയുടെ മകനു നേരെ തോക്ക് ചൂണ്ടുകയും അവരുടെ പരിചയക്കാരന്റെ ബൈക്ക് സംഘടിപ്പിക്കുകയുമായിരുന്നു. ഗുരുദ്വാരയിൽ നിന്ന് വസ്ത്രം മാറിയിരുന്നുവെന്നും 45 മിനുട്ടോളം അവിടെ ചെലവഴിച്ചുവെന്നും പൂജാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അമൃത്പാലിന്റെ അമ്മാവനടക്കം 120 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത് പാൽ നേതൃത്വം നൽകുന്ന വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയിലെ വിവിധ അംഗങ്ങൾക്ക് എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ അസമിലെ ദിബ്രുഗഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. എന്നാൽ അമൃത് പാലിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.