'കുറച്ചു കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു'-പഞ്ചാബ് ആശുപത്രി വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ

ചണ്ഡീഗഢ്: പഞ്ചാബിൽ ബാബ ഫരീദ് യൂനിവേഴ്സിറ്റി ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂറിനെ ആരോഗ്യമന്ത്രി ചേതൻ സിങ് ജൗരമജ്ര മുഷിഞ്ഞ ആശുപത്രിക്കിടക്കയിൽ കിടത്തിയതുമായി ബന്ധപ്പെട്ട വിവാദം കുറച്ചു കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ. വിവാദത്തെ തുടർന്ന് വി.സി രാജ് ബഹാദൂർ രാജിവെച്ചിരുന്നു.

താൻ ആശുപത്രിയിൽ പരസ്യമായി അപമാനിക്കപ്പെട്ട കാര്യം ബഹാദൂർ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. തനിക്ക് കാര്യങ്ങൾ മനസിലായെന്നും ഇത് കുറച്ചു കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ബഹാദൂറിനെ ആശ്വസിപ്പിച്ചത്. ആരോഗ്യ മന്ത്രിയുടെ നടപടിക്കെതിരെ പ്രതിപക്ഷവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകളും രംഗത്തുവന്നിരുന്നു.

മന്ത്രിയുടെ പെരുമാറ്റത്തിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചതായി നേരത്തേ ബഹാദൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐക്യദാർഢ്യവുമായെത്തിയ സംസ്ഥാന കോൺ​ഗ്രസ് നേതാവ് അമരീന്ദർ സിങ് രാജയോട് കണ്ണീരോടെയാണ് ബഹാദൂർ സംഭവം വിവരിച്ചത്. രാജിയിൽ നിന്ന് പിൻമാറാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് നടന്ന സംഭവങ്ങൾ മുഴുവൻ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. നിങ്ങൾ അഹോരാത്രം പണിയെടുക്കുമ്പോൾ അതു കാണുന്നതിനു പകരം ഇതുപോലുള്ള പെരുമാറ്റമുണ്ടാകുമ്പോൾ ആരും തളർന്നു പോകും-എന്നാണ് ഡോക്ടർ പ്രതികരിച്ചത്.

ആശുപത്രിയിൽ നടന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് നല്ല ധാരണയുണ്ടെന്നും ഇതെ കുറിച്ച് ആരോഗ്യമന്ത്രിയോട് സംസാരിച്ചതായുമാണ് റിപ്പോർട്ട്. ബഹാദൂറിനോട് പദവിയിൽ തുടരാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി അദ്ദേഹവുമായി ഉടൻ കൂടിക്കാഴ്ച നടത്താമെന്നും ഉറപ്പു നൽകി. "ഡോ. ബഹാദൂർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്റെ പിതാവിന് ഒരിക്കൽ സ്പൈനൽ കോഡിന് പരിക്കേറ്റ സമയം ചികിത്സ തേടിയപ്പോൾ, ഡോക്ടർ ബഹാദൂറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഡോ. രാജ് ബഹാദൂർ ചണ്ഡീഗഢ് ഗവ. മെഡിക്കൽ കോളജ് ഡയറക്ടർ ആയിരുന്നു അപ്പോൾ. അദ്ദേഹം വളരെ നല്ല ഡോക്ടർ ആണ്​''-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വി.സിയെ ആരോഗ്യ മന്ത്രി പരസ്യമായി അവഹേളിക്കുന്ന വിഡിയോ വൈറലായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വി.സി മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയക്കുകയായിരുന്നു. അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, അമൃത്‌സറിലെ ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ-ഡയറക്ടർ, അമൃത്‌സറിലെ ഗവൺമെന്റ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ഗുരുനാനാക് ദേവ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ട് എന്നീ സ്ഥാനങ്ങളിൽ നിന്ന് യഥാക്രമം ഡോ.രാജീവ് ദേവ്ഗൺ, ഡോ.കെ.ഡി. സിങ് എന്നിവരും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് ഇരുവരും രാജിക്കത്ത് നൽകിയത്. അഴിമതിക്കേസിൽ മുൻ ആ​രോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയതിനുപിന്നാലെയാണ് ചേതൻ സിങ് ജൗരമജ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്.

ആശുപത്രി വാർഡുകളിലെ ശുചിത്വത്തെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെയാണ് ആരോഗ്യ മന്ത്രി ഫരീദ്കോട്ടിലെ ബാബാ ഫരീദ് യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സന്ദർശിക്കാനെത്തിയത്. മാധ്യമപ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കുമൊപ്പമാണ് മന്ത്രിയെത്തിയത്. മന്ത്രിയുടെ നിർദേശപ്രകാരം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ രാജ് ബഹദൂർ സിങ് വൃത്തിയില്ലാത്ത കിടക്കയിൽ കിടന്നു. പിന്നാലെ വൈസ് ചാൻസലർ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ 'എല്ലാം നിങ്ങളുടെ കൈയിലാണ്', 'എല്ലാം നിങ്ങളുടെ കൈയിലാണെ'ന്ന് മന്ത്രി വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാനാകും.

Tags:    
News Summary - Could Have Been Handled Better": Bhagwant Mann On Punjab Minister's Hospital Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.