ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ ഒരു കൊച്ചു പെൺകുട്ടിയുമായുള്ള കൂടിക്കാഴ്ചയുടെ ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ''ഇതുപോലൊരു നിമിഷമുണ്ടെങ്കിൽ എനിക്ക് ആയിരം മൈലുകൾ നടക്കാനാവും'' എന്നായിരുന്നു തന്നെ കണ്ടതിൽ ആഹ്ലാദഭരിതയായ പെൺകുട്ടിയുമായുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. രാഹുൽ എടുത്തുയർത്തിയപ്പോൾ അമ്പരപ്പോടെ കൈകൊണ്ട് മുഖം പൊത്തിനിൽക്കുന്നതാണ് ഫോട്ടോ.
മാർച്ചിനിടെ കോൺഗ്രസ് നേതാവ് ചേർത്തുപിടിച്ചപ്പോൾ മറ്റൊരു പെൺകുട്ടി സന്തോഷത്തോടെ കണ്ണീർ പൊഴിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോൺഗ്രസിന്റെ ഭാരത് ജോഡോ ട്വിറ്റർ ഹാൻഡിൽ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു, "അടിക്കുറിപ്പ് ആവശ്യമില്ല, സ്നേഹം മാത്രം". 52കാരനായ രാഹുൽ മാർച്ചിനിടെ കുട്ടികളുമായി ഇടപഴകുന്നതിന്റെ നിരവധി ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
സെപ്റ്റംബർ എട്ടിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച 3,570 കിലോമീറ്റർ യാത്ര ജമ്മു കശ്മീരിൽ സമാപിക്കും. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അടിത്തറ ഉയർത്താനുള്ള കോൺഗ്രസിന്റെ ശ്രമത്തിന്റെ ഭാഗമായാണ് യാത്രയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.