ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമിക്കാൻ കമ്പനിക്ക് കോടതിയുടെ അനുമതി

മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമിക്കുന്നതിന് കമ്പനിക്ക് അനുമതി നൽകി ബോംബെ ഹൈകോടതി. പൗഡർ നിർമിക്കാനും സാമ്പിളുകൾ പരിശോധിക്കാനുമാണ് കോടതി അനുമതി നൽകിയത്.

ജസ്റ്റിസുമാരായ എസ്‌.വി ഗംഗാപൂർവാല, എസ്‌.ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മുംബൈയിലെ മുളുന്ദ് ഏരിയയിലുള്ള കമ്പനിയുടെ ഫാക്ടറിയിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കാൻ സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് കോടതി നിർദേശിച്ചു.

സാമ്പിളുകൾ രണ്ട് സർക്കാർ ലാബുകളിലേക്കും ഒരു സ്വകാര്യ ലാബിലേക്കും പരിശോധനക്കായി അയക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. തുടർന്ന് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രവി കദം, പൗഡർ ഉൽപ്പാദിപ്പിക്കാനുള്ള അനുമതി നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബേബി പൗഡർ വിൽക്കുന്നതും വിതരണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ 30ലേക്ക് മാറ്റി.

സെപ്റ്റംബർ 15ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ രണ്ട് ഉത്തരവുകളും ചോദ്യം ചെയ്ത് കമ്പനി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. കമ്പനിയുടെ ബേബി പൗഡർ ഉൽപന്നത്തിന്റെ നിർമാണവും വിൽപ്പനയും ഉടൻ നിർത്തിവെക്കണമെന്ന് സെപ്റ്റംബർ 20ന് സർക്കാർ ഉത്തരവിട്ടു.

എഫ്.ഡി.എ ജോയിന്റ് കമീഷണറും ലൈസൻസിങ് അതോറിറ്റിയുമാണ് ഉത്തരവുകൾ പാസാക്കിയത്. കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയുടെ റിപ്പോർട്ടിൽ നിർദേശിച്ചതിലും ഉയർന്ന പി.എച്ച് അളവ് അടങ്ങിയ പൗഡർ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ 2022 ഫെബ്രുവരി, മാർച്ച്, സെപ്റ്റംബർ മാസങ്ങളിലായി ഒരു സ്വതന്ത്ര പബ്ലിക് ടെസ്റ്റിങ് ലബോറട്ടറി സാമ്പിൾ പരിശോധിച്ചുവെന്നും അവയെല്ലാം നിശ്ചിത പി.എച്ച് മൂല്യത്തിനുള്ളിൽ തന്നെയാണെന്നും കമ്പനി അവകാശപ്പെട്ടു.

Tags:    
News Summary - Court Allows Johnson & Johnson To Manufacture Powder But Not Sell It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.