മുംബൈ: ജോൺസൺ ആൻഡ് ജോൺസണ് ബേബി പൗഡർ നിർമിക്കാനും വിൽക്കാനും വിതരണം ചെയ്യാനും അനുമതി നൽകി ബോംബെ ഹൈകോടതി. കമ്പനിയുടെ ലൈസൻസ് റദ്ദാക്കി കൊണ്ട് 2022 സെപ്തംബർ 15ന് മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകൾ അന്യായമാണെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ഗൗതം പട്ടേൽ, എസ്.ജി ഡിഗെ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
2018 ഡിസംബറിൽ പിടിച്ചെടുത്ത ബേബി പൗഡറിന്റെ സാമ്പിളുകൾ പരിശോധന നടത്തുന്നതിൽ കാലതാമസം വരുത്തിയതിന് സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ കോടതി രൂക്ഷമായി വിമർശിച്ചു.
സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഗുണനിലവാരവും അതിന്‍റെ സുരക്ഷ മാനദണ്ഡങ്ങളും വളരെ പ്രധാനമാണ്. എന്നാൽ ഉൽപ്പന്നങ്ങളിലൊന്നിൽ ചെറിയ വ്യതിയാനം സംഭവിക്കുമ്പോൾ മുഴുവൻ നിർമാണ പ്രക്രിയയും നിർത്തുന്നത് ന്യായമാണെന്ന് തോന്നുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
നിർദേശിച്ചതിലും ഉയർന്ന പി.എച്ച് അളവ് പൗഡറിൽ കണ്ടെത്തിയതായുള്ള ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയ ഉത്തരവുകൾ പാസാക്കിയത്. എന്നാൽ ബേബി പവർ പ്രൊഡക്‌ടിന്റെ എല്ലാ ബാച്ചുകളും നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പുതിയ പരിശോധനകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.