ന്യൂഡൽഹി: പ്രത്യുൽപാദനമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഭ്രൂണത്തിന് ഗുരുതര തകരാറുള്ളതിനാൽ ഗർഭം അലസിപ്പിക്കാമെന്നും ഡൽഹി ഹൈകോടതി. 28 ആഴ്ചയായ ഭ്രൂണത്തിന് വിവിധ തകരാറുകൾ കണ്ടെത്തിയതിനാൽ ഗർഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹരജി അനുവദിച്ചാണ് കോടതിയുടെ സുപ്രധാന വിധി. ഭരണഘടനയുടെ 21ാം വകുപ്പ് അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന അവകാശമാണിതെന്നും ജസ്റ്റിസ് ജ്യോതി സിങ് ചൂണ്ടിക്കാട്ടി.
ഭ്രൂണത്തിന് തകരാറുകളുണ്ടെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഗർഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ അത് ഹരജിക്കാരിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
തകരാറുള്ള ഭ്രൂണവുമായി മുന്നോട്ടുപോയാൽ ഇത് ഭാവിയിൽ ഹരജിക്കാരിയുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കാനിടയുണ്ട്. ഈ ഭ്രൂണത്തിൽ കുഞ്ഞ് ജനിക്കുകയാണെങ്കിൽ ആദ്യ ഘട്ടത്തിൽ തന്നെ ഹൃദയ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൗമാരത്തിലും മുതിരുമ്പോഴുമെല്ലാം ശസ്ത്രക്രിയ ആവശ്യമായി വരും. ഇത് ചികിത്സയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതമായിപ്പോകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.