വിവാഹമോചിതയായ സ്ത്രീക്ക് മുൻ ഭർത്താവിൽനിന്ന് ചെലവിന് തേടാൻ അവകാശം: കോടതി വിധി ശരീഅത്തിനെതിര് -മുസ്‍ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി: മുസ്‍ലിം വ്യക്തി നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്കും ക്രിമിനൽ നടപടി ക്രമത്തിലെ മതേതര വ്യവസ്ഥ പ്രകാരം മുൻ ഭർത്താവിൽനിന്ന് ചെലവിന് തേടാൻ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ശരീഅത്തിന് വിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് (എ.ഐ.എം.പി.എൽ.ബി). വിധിയെ ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും ഞായറാഴ്ച ഡൽഹിയിൽ ചേർന്ന എ.ഐ.എം.പി.എൽ.ബി യോഗം തീരുമാനിച്ചു.

ഭാര്യയെ വിവാഹമോചനം ചെയ്യുന്ന മുസ്‍ലിം പുരുഷൻ 1986ലെ മുസ്‍ലിം വ്യക്തി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും നൽകിയാലും 1974ലെ ക്രിമിനൽ നടപടി ക്രമം (സി.ആർ.പി.സി) 125ാം വകുപ്പ് പ്രകാരം മാസം തോറും ചെലവിനുകൂടി നൽകണമെന്നാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.

ജനങ്ങൾ വിദ്വേഷ രാഷ്ട്രീയം തള്ളിക്കളഞ്ഞതിന് തെളിവാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് യോഗം വിലയിരുത്തി. എന്നാൽ, രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിച്ചിരിക്കുകയാണ്. വിഷയത്തിൽ ആവശ്യമായ നടപടികൾ സീകരിക്കാൻ സർക്കാർ തയാറാകണമെന്നും എ.ഐ.എം.പി.എൽ.ബി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതക്കൊപ്പമാണ് ഇന്ത്യ എക്കാലവും നിലനിന്നിരുന്നത്. ആ നിലപാട് മാറിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ നിലപാടെടുത്ത് ആവശ്യമായ കാര്യങ്ങൾ ഇന്ത്യ ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - Court Verdict Against Shariah - Muslim Personal Law Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.