ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വേണമെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് കോവാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്.
വാക്സിൻ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്. ഇത് ലഭിച്ച ശേഷം നവംബർ മൂന്നിന് വീണ്ടും യോഗം ചേരും.
കോവാക്സിന് അടിയന്തരമായി അനുമതി നൽകണമെന്ന് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയോട് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഭാരത് ബയോടെക്കിൽ നിന്ന് ഡബ്ല്യു.എച്ച്.ഒ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാൽ തീരുമാനം വൈകി. ചൊവ്വാഴ്ച ചേർന്ന യോഗത്തിലും കൂടുതൽ വ്യക്തത വേണമെന്ന അഭിപ്രായം ഉയരുകയായിരുന്നു.
കോവാക്സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ഡബ്ല്യു.എച്ച്.ഒ പാനൽ പരിശോധിക്കുന്നത്. കോവാക്സിന് ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നിലവിൽ അംഗീകാരമില്ല. കോവാക്സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്കായി സാങ്കേതിക ഉപദേശ സമിതി ഒക്ടോബർ 26ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് അറിയിച്ചിരുന്നത്. ഈ യോഗത്തിലാണ് കോവാക്സിൻ അംഗീകാരത്തിന് കൂടുതൽ വ്യക്തത വേണമെന്ന നിലപാട് പാനൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.