ന്യൂഡൽഹി: കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ സംസ്ഥാന സർക്കാറിെൻറ കുറ്റകരമായ അനാസ്ഥക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. 40,000ത്തിലധികം കോവിഡ് മരണങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതിൽ കേവലം 548 പേർക്ക് മാത്രമേ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ എന്നറിയിച്ച കേരളത്തോട് എന്തുകൊണ്ടാണിത്രയും കുറവ് സംഭവിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.
അവശേഷിക്കുന്ന അപേക്ഷകളിൽ ഒരാഴ്ചക്കകം നടപടി പൂർത്തിയാക്കണമെന്നും കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ വിതരണത്തിെൻറ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേരളത്തിെൻറ കാര്യം പരിതാപകരമാണെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
കോവിഡ് മൂലം മരിച്ച 17,448 പേരുടെ ആശ്രിതർക്ക് തമിഴ്നാട് നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. ഇതുവരെ നഷ്ടപരിഹാരത്തിനുള്ള 31,850 അപേക്ഷകൾ ലഭിച്ചുവെന്നും അവശേഷിക്കുന്നവ രണ്ടു മൂന്ന് ആഴ്ചക്കകം കൊടുത്തുതീർക്കുമെന്നും തമിഴ്നാട് വ്യക്തമാക്കി. ക്ലേശമനുഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമ ഭരണകൂടമെന്ന നിലയിൽ സർക്കാറിെൻറ ബാധ്യതയാണെന്ന് സുപ്രീംകോടതി കേരളത്തെ ഓർമപ്പെടുത്തി.
നേരത്തേ ഈ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കേരള സർക്കാർ നടപ്പാക്കണം. അപേക്ഷ നൽകിയവരിൽ അവശേഷിക്കുന്നവരുടെ കാര്യത്തിലുള്ള നടപടി ക്രമം പൂർത്തിയാക്കണം. കോവിഡ് നഷ്ടപരിഹാര വിതരണത്തിന് അപേക്ഷകരെ ക്ഷണിച്ച് കേരളം ചെയ്ത പരസ്യമെവിടെ എന്ന് കേരളത്തിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ അഡ്വ. ജി. പ്രകാശിനോട് ചോദിച്ചപ്പോൾ കൃത്യമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ല.
നഷ്ടപരിഹാരത്തിനായി കേരള സർക്കാറിന് ലഭിച്ച 10,700 അപേക്ഷകളിൽ 1927 എണ്ണത്തിന് മാത്രമാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം ബോധിപ്പിച്ചു. അതിൽ തന്നെ 548 പേർക്ക് മാത്രമേ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ എന്നുകൂടി അഡ്വ. പ്രകാശ് പറഞ്ഞതോടെയാണ് ജസ്റ്റിസ് എം.ആർ. ഷാ രൂക്ഷമായ വിമർശനം തുടങ്ങിയത്.
എന്തുകൊണ്ടാണിത്രയും കുറവെന്ന് സ്റ്റാൻഡിങ് കോൺസലിനോട് ജസ്റ്റിസ് ഷാ ചോദിച്ചു. 10,000 അപേക്ഷകൾ ലഭിച്ചിട്ട് 2000 പേർക്കുപോലും നഷ്ടപരിഹാരം വിതരണം നടത്താനായില്ലേ എന്നും ജസ്റ്റിസ് ഷാ ചോദിച്ചു.
കൂടുതൽ കോവിഡ് മരണമുണ്ടായ സംസ്ഥാനങ്ങളിൽ നഷ്ടപരിഹാരം വിതരണം ചെയ്തതിൽ ഏറ്റവും പിന്നിലാണ് കേരളം. സംസ്ഥാനങ്ങൾ ഇതുവരെ സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കനുസരിച്ചാണിത്. വ്യാഴാഴ്ച രാത്രിവരെ എട്ട് സംസ്ഥാനങ്ങളാണ് നഷ്ടപരിഹാര കണക്ക് തന്നതെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു.
മഹാരാഷ്ട്ര 12,000 പേർക്കും ആന്ധ്ര 11,000 ആശ്രിതർക്കും പശ്ചിമ ബംഗാൾ 3365 പേർക്കും ഗുജറാത്ത് 26,000 പേർക്കും പഞ്ചാബ് 2840 പേർക്കും നഷ്ടപരിഹാരം വിതരണം ചെയ്തു. 90 ശതമാനം പേർക്ക് വിതരണം ചെയ്തുവെന്ന് അറിയിച്ച രാജസ്ഥാനോട് കൃത്യമായ കണക്ക് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ്അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.