ന്യൂഡൽഹി: റാപ്പിഡ് ആൻറിജൻ കിറ്റ് ഉപയോഗിച്ചുകൊണ്ടുള്ള കോവിഡ് ടെസ്റ്റ് വീടുകളിൽ വെച്ച് നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകി. ഇതിനായുളള വിശദമായ മാർഗരേഖയും പുറത്തിറക്കി.
വ്യക്തമായ രോഗലക്ഷണങ്ങൾ ഉള്ളവരും ലബോറട്ടറി പരിശോധനയിൽ കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത ബന്ധമുള്ള ആളുകളും മാത്രമേ വീടുകളിൽ വച്ച് ആൻറിജൻ പരിശോധന ചെയ്യാവൂ എന്ന് ഐ.സി.എം.ആർ നിർദ്ദേശിക്കുന്നു. ഇത്തരക്കാർ അല്ലാത്തവർ വീടുകളിൽ നിന്നുള്ള പരിശോധന നടത്തരുത്.
വീടുകളിൽ നടത്തുന്ന പരിശോധനയിൽ പോസിറ്റീവ് ആകുന്ന വ്യക്തികളെ കോവിഡ് പോസിറ്റീവായി കണക്കാക്കും. അവർക്കു കൂടുതൽ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും വീടുകളിൽ നടന്ന ടെസ്റ്റിൽ നെഗറ്റീവ് ഫലം ലഭിച്ചവർ വീണ്ടും ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്തു ഫലം ഉറപ്പാക്കണം.
പുനെ കേന്ദ്രീകരിച്ചുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡാണ് വീടുകളിൽ നടത്താവുന്ന കോവിഡ് ആൻറിജൻ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്. വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഇത് ഡൗൺലോഡ് ചെയ്ത് വേണം വീടുകളിൽ വച്ച് പരിശോധന നടത്താൻ. ആപ്പു വഴി പരിശോധനാഫലം തൽസമയം അധികൃതർക്കും ലഭ്യമാകും. ഉപയോഗിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.
വീടുകളിൽ ആൻറിജൻ പരിശോധന നടത്തുന്നത് ലാബുകളുടെ ജോലിഭാരം ഗണ്യമായി കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മാത്രം 20,08,296 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇത് പുതിയ റെക്കോർഡ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.