ഹൈദരാബാദ്: ബംഗ്ലാദേശി പെൺകുട്ടികളെ ഹൈദരാബാദിലേക്ക് കടത്തിയ കേസിൽ ആറു പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈദരാബാദിലെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതി.
ജയിൽ ശിക്ഷക്കൊപ്പം ഓരോ വ്യക്തിക്കും 24,000 രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. ബംഗ്ലാദേശിൽ നിന്ന് ഹൈദരാബാദിൽ എത്തിച്ച പെൺകുട്ടികളെ സംഘം വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു.
മുഹമ്മദ് യൂസഫ് ഖാൻ, ഭാര്യ ബിത്തി ബീഗം, സോജിബ്, റൂഹുൽ അമിൻ ധാലി, മുഹമ്മദ് അബ്ദുൽ സലാം, ഷീല ജസ്റ്റിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് സംഘം പെൺകുട്ടികളെ വലയിലാക്കിയത്.
ഹൈദരാബാദിലെ ഛത്രിനക പോലീസ് 2019 ആഗസ്റ്റിൽ ഉപ്പുഗുഡയിലെ കണ്ടിക്കൽ ഗേറ്റ് ഏരിയയിലെ വീട്ടിൽ നിന്ന് അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 2019 സെപ്റ്റംബർ 17ന് കേസ് രജിസ്റ്റർ ചെയ്ത എൻ.ഐ.എ വിശദമായ അന്വേഷണം നടത്തിയാണ് സംഘത്തെ പിടികൂടുന്നത്.
2020 മാർച്ചോടെ നാല് പ്രതികൾക്കെതിരെ കുറ്റപത്രവും 2020 ആഗസ്റ്റിൽ ബാക്കിയുള്ള രണ്ട് പേർക്കായി അനുബന്ധ കുറ്റപത്രവും സമർപ്പിച്ചു. പ്രതികളിലൊരാളായ റൂഹുൽ അമിൻ ധാലിയെ പശ്ചിമ ബംഗാളിലും മറ്റുള്ളവരെ തെലങ്കാനയിലും വെച്ച് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.