ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് ധനമന്ത്രി നിർമല സീതാരാമൻ ചുരുളഴിച്ചു തുടങ്ങിയപ്പോൾ ഊതിപ്പെരുപ്പിച്ച കണക്കുകളുടെ ചിത്രവും ചുരുളഴിയുന്നു.
20 ലക്ഷം കോടിയിൽ പകുതി ഇതിനകം പ്രഖ്യാപിച്ചതാണ്. ബാക്കി പകുതിയിൽ ഇതിനകം ധനമന്ത്രി വെളിപ്പെടുത്തിയ ഇളവുകൾ പലതും ബജറ്റ് വരവുകളിലെ നീക്കുപോക്കു മാത്രം. നികുതി അടച്ചവർക്ക് സർക്കാർ തിരിച്ചുകൊടുക്കേണ്ട റീഫണ്ട് തുകയും പാക്കേജിെൻറ ഭാഗമായി. വിശന്നും വലഞ്ഞും നാട്ടിലേക്ക് നടന്നു ക്ഷീണിക്കുന്ന അന്തർസംസ്ഥാന തൊഴിലാളിക്ക് കൈത്താങ്ങ് നൽകുകയോ പാവപ്പെട്ടവെൻറ കൈകളിൽ പുതുതായി ചില്ലിക്കാശ് വെച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. സ്വാശ്രയത്വം സർക്കാർ ഉപദേശിക്കുേമ്പാൾ, പാവപ്പെട്ടവർ സ്വാശ്രയരാകേണ്ട സ്ഥിതി.
റിസർവ് ബാങ്കും സർക്കാറും ഇതിനകം പ്രഖ്യാപിച്ചതുകൂടി ചേർത്താണ് 20 ലക്ഷം കോടി. രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക വിപണിയിൽ പണലഭ്യതക്കായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത് 8.04 ലക്ഷം കോടി. ലോക്ഡൗണിെൻറ തുടക്കത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നേരത്തേ പ്രഖ്യാപിച്ചത് 1.70 ലക്ഷം കോടി. രണ്ടും കഴിച്ചാൽ പ്രധാനമന്ത്രി മുന്നോട്ടു വെക്കുന്നത് 10.26 ലക്ഷം കോടിയുടെ പാക്കേജാണ്.
മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) അഞ്ചു ശതമാനം മാത്രമാണിത്. എന്നാൽ, ജി.ഡി.പിയുടെ 10 ശതമാനം വരുന്ന മെഗാ പാക്കേജാണ് ഒരുക്കുന്നതെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതാകട്ടെ, കോവിഡ് കാലത്ത് സർക്കാർ അധികമായി ചെലവാക്കുന്ന തുകയാണെന്നു പറയാനാവില്ല. പ്രഖ്യാപിച്ച ബജറ്റിലെ പദ്ധതിച്ചെലവും വരുമാനവും ചുരുക്കുന്നതാണ് പുതിയ ഇളവുകളുടെ രൂപത്തിൽ പ്രധാനമായും വരുന്നത്. പുതിയ ഇളവുകളാകട്ടെ, പ്രയോജനപ്പെടുത്താൻ ഗുണഭോക്താവിന് മുന്നിൽ നിബന്ധനകളുടെ കടമ്പകൾ പലതാണ്. ഇ.പി.എഫ് വിഹിതം തൽക്കാലം അടക്കേണ്ട എന്ന പ്രയോജനം വളരെ ചുരുക്കം സ്ഥാപനങ്ങൾക്ക് മാത്രമാണ് കിട്ടാൻ പോകുന്നത്. അത് ഒരു ഉദാഹരണം മാത്രം.
കേന്ദ്രബജറ്റ് 30.42 ലക്ഷം കോടിയുടേതാണ്. അതിനു പുറമെ 10 ലക്ഷം കോടി ചെലവാക്കുകയല്ല. അങ്ങനെ ചെലവാക്കാൻ പണം പുറമെ നിന്ന് കണ്ടെത്തണം. 12 ലക്ഷം കോടി വിപണിയിൽ നിന്ന് വായ്പ എടുക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ പറഞ്ഞിരുന്നു. അതിൽ 7.8 ലക്ഷം കോടി എടുക്കുന്ന കാര്യം ബജറ്റിൽ പറഞ്ഞതാണ്. ബാക്കി 4.2 ലക്ഷം കോടി കടെമടുക്കുന്നതിൽ ബാക്കിയുണ്ട്. പ്രധാനമന്ത്രിയുടെ 10.26 ലക്ഷം കോടി പാക്കേജിലേക്ക് എത്താൻ ബാക്കി ആറു ലക്ഷം കോടി പിന്നെയും വേണം. ഈ തുക ബജറ്റ് വിഹിതങ്ങളിൽ തട്ടിക്കിഴിക്കാതെ പറ്റില്ല.
പല വലുപ്പത്തിലുള്ള പാക്കേജുകൾ വരുേമ്പാൾ തന്നെയാണ് ജീവനോപാധി നഷ്ടപ്പെട്ടവരെ പരിഗണിക്കാതിരിക്കുകയും തൊഴിലാളി വിശന്നു വലയുകയും ചെയ്യുന്നത്. മിനിമം താങ്ങുവില നൽകി ഉൽപന്നം സർക്കാർ സംഭരിക്കുന്നില്ലെന്നിരിക്കേ, കർഷകനും കൈത്താങ്ങില്ല. ഡി.എയും ശമ്പളവും പിടിച്ചുപോവുന്ന അനുഭവമാണ് ഉദ്യോഗസ്ഥ സമൂഹത്തിന്. രാജ്യത്തേക്ക് വലിയ തോതിൽ വിദേശനാണ്യം കൊണ്ടുവരുന്ന പ്രവാസിക്കും സാന്ത്വന സ്പർശമില്ല. കോവിഡ് പ്രതിരോധത്തിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായ പാക്കേജ് ആയിട്ടില്ല. മാസങ്ങളുടെ ജി.എസ്.ടി കുടിശ്ശികയും ബാക്കി.
സ്വാശ്രയത്വം, സ്വദേശി മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കുേമ്പാൾ തന്നെ സർക്കാർ കോർപറേറ്റ് സേവയുടെ വഴിയിലാണ്. നിക്ഷേപം ആകർഷിക്കാൻ വമ്പൻ ഇളവുകൾക്കൊപ്പം കോവിഡ് പ്രതിസന്ധിയുടെ പേരു പറഞ്ഞ് തൊഴിൽനിയമങ്ങളും കാറ്റിൽ പറത്തുന്നു. ഭൂമി ലഭ്യമാക്കുന്നതിനടക്കം പരിസ്ഥിതി നിയമങ്ങളിലും വെള്ളം ചേർക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.