സി.പി.ഐക്കും ദേശീയ പാർട്ടി പദവിയില്ല, തൃണമൂലും എൻ.സി.പിയും തഥൈവ; ആം ആദ്മി ദേശീയ പാർട്ടി

ന്യൂഡൽഹി: സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ​​ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിച്ചത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള പാർട്ടിയാണ് ‘ആപ്’. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷനൽ പീപ്പ്ൾസ് പാർട്ടി (എൻ.പി.പി), ‘ആപ്’ എന്നിവയാണ് ഇനി മുതൽ ദേശീയ പാർട്ടികൾ.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിൽ എൻ.സി.പിക്ക് നാഗാലാൻഡിലും തൃണമൂൽ കോൺഗ്രസിന് മേഘാലയിലും സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. ലോക് ജനശക്തി പാർട്ടി (റാം വിലാസ് പാസ്വാൻ) നാഗാലാൻഡിലും വോയ്സ് ഓഫ് ദി പീപ്പ്ൾസ് പാർട്ടി മേഘാലയയിലും ​തിപ്ര മോത പാർട്ടി ത്രിപുരയിലും സംസ്ഥാന പാർട്ടിയെന്ന അംഗീകാരം നേടി.

അതേസമയം, ആർ.എൽ.ഡി (ഉത്തർപ്രദേശ്), ബി.ആർ.എസ് (ആന്ധ്രപ്രദേശ്), പി.ഡി.എ (മണിപ്പൂർ), പി.എം.കെ (പുതു​ച്ചേരി), ആർ.എസ്.പി (പശ്ചിമ ബംഗാൾ), എം.പി.സി (മിസോറാം) എന്നിവയുടെ സംസ്ഥാന പാർട്ടി പദവി പിൻവലിക്കുകയും ചെയ്തു.

Tags:    
News Summary - CPI, Trinamool and NCP lost their national party status, Aam Aadmi Party was national party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.