കേരള സർക്കാറിനു വേണ്ടി രാജ്യവ്യാപക കാമ്പയിനുമായി സി.പി.എം

ന്യൂഡല്‍ഹി: കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ഇക്കാര്യം ഉന്നയിച്ചും സംസ്ഥാന സര്‍ക്കാറിന്‍റെ ജനപ്രിയ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും കേന്ദ്രത്തിന്‍റെ വിവേചനവും ഇടപെടലുകളും തുറന്നു കാണിക്കുന്നതിനും വേണ്ടി രാജ്യവ്യാപക കാമ്പയിൻ നടത്താന്‍ ഡൽഹിയിൽ നടന്ന രണ്ടു ദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.

സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യംവെച്ച് യു.ഡി.എഫും ബി.ജെ.പിയും നിരന്തരം ആരോപണം ഉന്നയിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. ഭരണപക്ഷ പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യത്ത് വലിയ തോതില്‍ വിദ്വേഷവും വെറുപ്പും ആസൂത്രിതമായി പ്രചരിപ്പിക്കുന്നതായി യോഗം കുറ്റപ്പെടുത്തി.

ഡല്‍ഹിയിലും ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ബുള്‍ഡോസര്‍ രാഷ്ട്രീയം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും ജനാധിപത്യ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ എല്ലാ മതേതര ജനവിഭാഗങ്ങളും മുന്നോട്ടുവരണമെന്നും സി.പി.എം ആഹ്വാനം ചെയ്തു. നിത്യോപയോഗ വസ്തുക്കള്‍ക്കടക്കം നിയന്ത്രണാതീതമായി വില വര്‍ധിക്കുകയാണ്. സാധാരണ ജനങ്ങളുടെമേല്‍ ഭാരം ഏൽപിക്കുന്നതിന് പകരം സര്‍ക്കാര്‍ അതിസമ്പന്നരുടെ മേല്‍ നികുതി ചുമത്തി വരുമാനം കണ്ടെത്തുകയാണ് വേണ്ടത്.

ജി.എസ്.ടി നിരക്കു വര്‍ധനയും പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള സെസും സര്‍ചാര്‍ജുകളും പിന്‍വലിക്കണം. കേന്ദ്ര ഒഴിവുകൾ ഉടൻ നികത്തണം. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി ശ്രീകുമാർ എന്നിവരെ വിട്ടയക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - CPM with nationwide campaign for Kerala government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.