ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവെച്ചു. സംസ്ഥാന മന്ത്രിസഭ ഒന്നടങ്കമാണ് രാജിവെച്ചത്. രാജ്ഭവനിലെത്തി മുഖ്യമന്ത്രിയും മന്ത്രമാരും ഗവർണർക്ക് രാജിസമർപ്പിച്ചു. ലോക്സഭാ സീറ്റിനെ ചൊല്ലി ബി.ജെ.പിയും ജന്‍നായക് ജനതാ പാര്‍ട്ടിയും (ജെ.ജെ.പി) തർക്കം രൂക്ഷമായതോടെയാണ് ഖട്ടറിന്‍റെ രാജി.
ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ജെ.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. 90 അംഗ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 40 അംഗങ്ങളാണുള്ളത്. സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പാർട്ടി എം.എല്‍.എമാരുടെയും സര്‍ക്കാറിനെ പിന്തുണക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടെയും യോഗം ഖട്ടാർ വിളിച്ചുചേർത്തിട്ടുണ്ട്. ഖട്ടാർ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
ജെ.ജെ.പി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയും പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് യോഗം. നിര്‍ണായകമായ തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് ദുഷ്യന്തുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഖട്ടറിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. അങ്ങനെയെങ്കിൽ കുരുക്ഷേത്രയില്‍നിന്നുള്ള എം.പി നായബ് സിങ് സൈനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ബി.ജെ.പി തീരുമാനം.
രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് ഹരിയാനയില്‍ തര്‍ക്കം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചത്.
ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ദുഷ്യന്ത് ചൗട്ടാല ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.