ന്യൂഡല്‍ഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ്ഫേക്ക് വിഡിയോകളും ചിത്രങ്ങളും നിർമിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണം. അടുത്തിടെ ഞാൻ പാടുന്നതായുള്ള ഡീപ് ഫേക്ക് വിഡിയോ കണ്ടിരുന്നു. ഇത്തരം നിരവധി വിഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഡീപ് ഫേക് വിഡിയോ നിർമിക്കാൻ എ.ഐ ഉപയോഗിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഡീപ് ഫേക്കുകളെ പ്രത്യേക സൂചന നൽകി അടയാളപ്പെടുത്തണമെന്ന് ചാറ്റ് ജി.പി.ടി ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റിൽ പ്രചരിക്കുന്നവക്ക് മുന്നറിയിപ്പ് നൽകണം. എ.ഐയുടെ ഇക്കാലത്ത് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് സുപ്രധാനമാണ്. വിഷയത്തെപ്പറ്റി മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണം’, മോദി വ്യക്തമാക്കി.
തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെയും ബോളിവുഡ് നടിമാരായ കത്രീന കൈഫ്, കജോള്‍ എന്നിവരുടെയും ഡീപ് ഫേക്ക് വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. രശ്മികയുടെ ഡീപ് ഫേക് വിഡിയോ ആണ് ആദ്യം പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സാറ പട്ടേലിന്റെ മുഖത്തിന് പകരം രശ്മികയുടെ മുഖം ചേർത്തായിരുന്നു വിഡിയോ. കത്രീന കൈഫ് നായികയായെത്തിയ ‘ടൈഗർ 3’യിൽനിന്നുള്ള രംഗമെന്ന പേരിലായിരുന്നു ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വ്യാജ ചിത്രം പ്രചരിച്ചത്. ഇൻഫ്ലുവൻസർ റോസി ബ്രീനിന്റെ മുഖത്തിന് പകരം കജോളിന്റെ മുഖം വെച്ചായിരുന്നു അടുത്ത ഡീപ് ഫേക് വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.