95 പ്രതിപക്ഷ എം.പിമാർ പുറത്തിരിക്കെ വിവാദമായ ക്രിമിനൽ നിയമ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് 95 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത് പുറത്താക്കിയതിന് പിന്നാലെ, വിവാദമായ ബില്ലുകൾ സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ക്രിമിനൽ നീതി നിർവഹണ സംവിധാനം പരിഷ്‍കരിക്കുന്നതി​ന്‍റെ ഭാഗമായി കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതാ ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ലോക്സഭയുടെ പരിഗണനക്ക് വെച്ചത്. നേരത്തെ, കഴിഞ്ഞ ആഗസ്റ്റിൽ സഭയിൽ അവതരിപ്പിച്ച ഈ ബില്ലുകൾ ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്താനായി പിൻവലിച്ചിരുന്നു. പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ട് വെച്ച ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്ന് അവതരിപ്പിച്ചത്.

1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായാണ് ഭാരതീയ ന്യായ സംഹിതാ ബിൽ. 1973ലെ ക്രിമിനൽ നടപടിച്ചട്ടത്തിന് പകരമായാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ. 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായാണ് ഭാരതീയ സാക്ഷ്യ ബിൽ.

543 അംഗ ലോക്സഭയിൽ രണ്ട് ദിവസത്തിനിടെ 95 പ്രതിപക്ഷ എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ലോക്സഭയിലെ സുരക്ഷാവീഴ്ചയെ തുടർന്നുള്ള പ്രതിഷേധത്തിന്‍റെ പേരിലാണ് ലോക്സഭയിൽ നിന്ന് 95ഉം രാജ്യസഭയിൽ നിന്ന് 46ഉം ഉൾപ്പെടെ 141 എം.പിമാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അസാധാരണ നടപടിയുണ്ടായത്.

കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ഭരണകൂടത്തിന് വർധിച്ച അധികാരം നൽകുകയും പൗരന്‍റെ അവകാശങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന നിയമങ്ങളടങ്ങിയ ബില്ലുകൾ സഭയിൽ അവതരിപ്പിക്കുകയാണ്. ഈ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷത്തിനെ കേൾക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനാലാണ് അവർ സസ്പെൻഡ് ചെയ്യുക, പുറത്താക്കുക, തകർക്കുക എന്ന തന്ത്രം നടപ്പാക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

Tags:    
News Summary - Criminal Law Changes Taken Up In Lok Sabha While 2/3rd Opposition Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.