ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്ന് ഗുവാഹത്തിയിൽ ഏർപ്പെടുത്തിയ കർഫ്യുവിൽ ഇളവ്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയാണ് കർഫ്യുവിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
കർഫ്യുവിൽ ഇളവ് വന്നതോടെ നിത്യോപയോഗ സാധനങ്ങളും പെട്രോളും വാങ്ങാനായി കടകൾക്ക് മുന്നിൽ ജനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ദിസ്പൂർ, ഉസൻ ബസഹാർ, ചാന്ദ്മാറി, സിൽപുകാരി, സൂ റോഡ് എന്നിവിടങ്ങളെല്ലാം ജനങ്ങൾ സാധനങ്ങൾക്കായി ക്യുവിലാണ്.
ദിബ്രുഗ്രാഹിലും കർഫ്യുവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ രണ്ട് വരെയാണ് ഇളവ്. അതേസമയം, അസമിലെ സ്കൂളുകൾ ഇന്നും അടഞ്ഞു കിടക്കുകയാണ്. നാഗലാൻഡിലും പ്രതിഷേധങ്ങൾ കനക്കുകയാണ്. നാഗ സ്റ്റുഡൻറ് ഫെഡറേഷൻ സംസ്ഥാനത്ത് ആറ് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.
അതേസമയം, അസമിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡി.ജി.പി അറിയിച്ചു. ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് യാതൊരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.