ന്യൂഡൽഹി: കര, നാവിക, വ്യോമസേനകളിൽ നിന്ന് നേരത്തേ വിരമിക്കുന്നവർക്ക് ഇനി പൂർണ പെൻഷൻ തുക കിട്ടില്ല. അതനുസരിച്ച് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സൈനിക സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിെൻറ നേതൃത്വത്തിൽ നടപടികൾ മുന്നോട്ട്. ഉയർന്ന പദവികളിൽ പെൻഷൻ പ്രായം കൂട്ടിയേക്കും.
35 വർഷം സർവിസ് പൂർത്തിയാക്കിയവർക്കു മാത്രം മുഴുവൻ പെൻഷൻ നൽകിയാൽ മതിയെന്ന നിർദേശമാണ് അന്തിമഘട്ടത്തിൽ. സേനയിൽ നിന്ന് വിരമിക്കുന്നവർക്ക്, അവസാനം വാങ്ങിയ ശമ്പളത്തിെൻറ പകുതിയോളമാണ് ഇപ്പോൾ പെൻഷൻ. എന്നാൽ, 25 വർഷത്തിൽ താഴെ മാത്രം സർവിസുള്ളവർ പിരിഞ്ഞാൽ അർഹതപ്പെട്ടതിെൻറ 50 ശതമാനം നൽകിയാൽ മതിയെന്നാണ് നിർദേശം.
26 വർഷം മുതൽ 30 വർഷം വരെ സർവിസുള്ളവർക്ക് അർഹതപ്പെട്ടതിെൻറ 60 ശതമാനവും 31 മുതൽ 35 വർഷമാണ് സർവിെസങ്കിൽ 75ശതമാനവും പെൻഷൻ നൽകാനുള്ള നിർദേശത്തിന് സർക്കാറിൽ നിന്ന് അനുമതി നേടാൻ ആവശ്യമായ നടപടി മുന്നോട്ടുനീക്കാൻ മൂന്നു സേനാവിഭാഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കരസേനയിൽ കേണൽമാർക്കും തത്തുല്യ പദവി വഹിക്കുന്നവർക്കും പെൻഷൻപ്രായം 54ൽ നിന്ന് 57 ആക്കും. ബ്രിഗേഡിയറുടെ പെൻഷൻ പ്രായം 56ൽ നിന്ന് 58ലേക്ക്. മേജർ ജനറലിെൻറ കാര്യത്തിൽ 58ൽ നിന്ന് 59ലേക്ക്. നാവിക, വ്യോമ സേനകളിലും സമാന പദവിയുള്ളവരുടെ ഈ രീതിയിൽ പെൻഷൻ പ്രായം ഉയർത്തും.
കാര്യക്ഷമത കൂട്ടാനും മനുഷ്യവിഭവ ശേഷിയുടെ പരമാവധി വിനിയോഗത്തിനുമാണ് ഭേദഗതികളെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ, സേനയിൽ നിന്ന് പിരിയുന്ന പ്രവണത വർധിക്കുന്നത് തടയാനും പെൻഷൻ ചെലവ് നിയന്ത്രിക്കാനുമാണ് പുതിയ നീക്കമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തെ പ്രതിരോധ ബജറ്റ് 4.71 ലക്ഷം കോടി രൂപയാണെങ്കിൽ, അതിൽ 1.33 ലക്ഷം കോടി പെൻഷൻ തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.