ചെന്നൈ: ഫിന്‍ജാൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഡിസംബർ ഒന്നിന് പുലർച്ചെ നാല് മണി വരെ നിർത്തിവെച്ചു. മുൻകരുതൽ എന്ന നിലയിലാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കിയിരുന്നു.
തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നേരത്തെ, ചെന്നൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഇന്ന് വൈകുന്നേരം ഏഴ് മണി വരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു.
ചുഴലിക്കാറ്റിനെ തുടർന്ന് വ്യത്യസ്ത സംഭവങ്ങളിൽ തമിഴ്നാട്ടിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തു. ചെന്നൈയിലെ മൂന്നിടത്താണ് മരണം റിപ്പോർട്ട് ചെയ്തത്. വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആണ് മൂന്നു പേർക്കും ജീവൻ നഷ്ടമായത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തമിഴ്നാട്ടിലെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വിഴുപ്പുരം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ എന്നിവിടങ്ങളാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
വെള്ളപ്പൊക്കഭീഷണിയെ തുടർന്ന് സ്കൂളുകളും കോളജുകളും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ചെന്നൈയിൽ പലയിടങ്ങളിലും റെയിൽപാളങ്ങൾ വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ സർവീസുകളും താറുമാറായി. ചെന്നൈ നഗരത്തിലെ ഏഴ് അടിപ്പാതകൾ അടച്ചിട്ടു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കടൽക്കരയില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയണം. കാറ്റില്‍ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങള്‍ കടപുഴകാനും സാധ്യതയുണ്ട്. മിന്നലോടുകൂടിയാണ് കനത്ത മഴ പെയ്യുക. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടില്‍ ശേഖരിച്ചു വെക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.