ന്യൂഡൽഹി: മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു. അതിതീവ്ര ചുഴലിക്കാറ്റായാണ് മോഖ കര തൊട്ടത്. തെക്കുകിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടങ്ങളിൽ ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത മഴയാണ്. കാറ്റ് മണിക്കൂറിൽ 210 കി.മി വരെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. സെന്റ് മാർട്ടിൻ ദ്വീപ് വെള്ളത്തിലാകുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർന്ന് ദ്വീപിലേക്ക് പോകുന്ന സന്ദർശകർക്ക് ജാഗ്രത നിർദേശം നൽകി.
ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.