ഭോപ്പാൽ: മധ്യപ്രദേശിൽ ദലിത് യുവാവും വിവരാവകാശ പ്രവർത്തകനുമായ ആളെ ക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ഗ്രാമപഞ്ചായത്തിനെക്കുറിച്ച് ചില വിവരങ്ങൾ ചോദിച്ചതിനാണ് ഏഴ് പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. ശശികാന്ത് ജാതവ് എന്ന യുവാവിനാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആശാ കൗരവ്, സഞ്ജയ് കൗരവ്, ധമു, ഭുര, ഗൗതം, വിവേക് ശർമ, സർനാം സിംഗ് എന്നിവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ശശികാന്തിനെ പ്രാഥമിക ചികിത്സക്ക് ശേഷം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റി.
പാനിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബർഹി ഗ്രാമപഞ്ചായത്ത് സംബന്ധിച്ച വിവരങ്ങൾ ശശികാന്ത് ആവശ്യപ്പെട്ടതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് ജയരാജ് കുബേർ പറഞ്ഞു. ഇതിൽ പ്രകോപിതരായ പഞ്ചായത്ത് സെക്രട്ടറിയും മറ്റ് അധികൃതരും യുവാവിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും മർദിക്കുകയുമായിരുന്നു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്താൻ അധികാരികളെ ഡൽഹിയിലേക്ക് അയക്കുമെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ പ്രതികൾക്കെതിരെ നിർണായക വകുപ്പുകൾ കൂടി ചേർക്കപ്പെടാനും സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ പട്ടികജാതി-പട്ടിക വർഗങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയൽ നിയമം ഉൾപ്പെടെ അടിസ്ഥാനപ്പെടുത്തിയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.